ഇന്ത്യയ്ക്ക് ചൈനയുടെ വക എട്ടിന്റെ പണി; ബ്രഹ്മപുത്രയ്ക്ക് കുറുകെയുള്ള ഡാമിന്റെ ലക്ഷ്യമെന്ത്

ബ്രഹ്മപുത്ര നദിയില്‍ ലോകത്തിലെ ഏറ്റവും വലുതായ ഡാം പണിയാന്‍ കഴിഞ്ഞ ഡിസംബര്‍ 25നാണ് ചൈന അംഗീകാരം നല്‍കിയത്. 60,000 മെഗാവാട്ട് ഇലക്ട്രിസിറ്റി ഉത്പാദിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുതി പദ്ധതി കൂടിയാണിത്. മെഗാ യാർലുങ് സാങ്‌പോ പദ്ധതി എന്നാണ് ഡാമിനെ ചൈന വിശേഷിപ്പിക്കുന്നത്. വിപുലമായ ആസൂത്രണങ്ങളോടെയാണ് ചൈന ഡാം പദ്ധതിക്ക് ഒരുങ്ങിയിരിക്കുന്നത്. പുതിയ ഡാം ഇന്ത്യയ്ക്ക് വലിയ വെല്ലുവിളികളാണ് ഉയര്‍ത്തുന്നത്.

ലക്ഷക്കണക്കിന് ജനങ്ങളെയാണ് ചൈനയുടെ ഡാം പദ്ധതി ദോഷകരമായി ബാധിക്കുന്നത്. പാരിസ്ഥിതികമായി ഏറ്റവും ദുര്‍ബലമായ ടിബറ്റിലാണ് ഡാം വരുന്നത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ബ്രഹ്മപുത്രയുടെ താഴ്വാരങ്ങളില്‍ ഉള്ള സംസ്ഥാനങ്ങള്‍ക്ക് ഡാം ദോഷകരമാകരുതെന്ന് ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ടിബറ്റില്‍ നിന്നും അരുണാചലില്‍ എത്തി അസമിലൂടെയാണ് ബ്രഹ്മപുത്ര ബംഗ്ലാദേശിലേക്ക് എത്തുന്നത്. ഇവിടെ നിന്നും ബംഗാള്‍ ഉള്‍ക്കടലിലേക്കും എത്തുന്നു. യാർലുങ് സാങ്പോ എന്ന് ചൈന വിളിക്കുന്ന ബ്രഹ്മപുത്ര ജലവൈദ്യുത ഉൽപാദനത്തിന് അനുയോജ്യമാണ്. പര്‍വതങ്ങളില്‍ നിന്നും അതിവേഗതയിലാണ് ബ്രഹ്മപുത്ര താഴേക്ക് കുതിക്കുന്നത്. ഡാം വരുമ്പോള്‍ ഭൂകമ്പ സാധ്യത ഈ മേഖലയില്‍ കുത്തനെ ഉയരുകയാണ്.

റിസർവോയറിൽ സംഭരിച്ചിരിക്കുന്ന ജലത്തിൻ്റെ അളവ് ഭൂമിക്ക് വന്‍തോതിലുള്ള സമ്മര്‍ദം സൃഷ്ടിക്കും. ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കും ഇത് ഇടവരുത്തും. നദിയുടെ ഒഴുക്ക് മാറും. ദശലക്ഷത്തിലധികം പേരെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വരും. നാസയുടെ കണക്കനുസരിച്ച്, ഭൂമിയുടെ ഭ്രമണം 0.06 സെക്കൻഡ് മന്ദഗതിയിലാക്കാൻ പോലും സാധിക്കുന്നയത്ര വലുതാണ് പുതിയ അണക്കെട്ടെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയില്‍ കടുത്ത വരള്‍ച്ചയ്ക്കും വെള്ളപ്പൊക്കത്തിനും വഴിവയ്ക്കുന്നതാണ് ചൈനയുടെ ഈ മെഗാ പദ്ധതി.

അണക്കെട്ട് ഇന്ത്യയെ ദോഷകരമായി ബാധിക്കും. ഡാം വരുന്നതോടെ ബ്രഹ്മപുത്രയില്‍ നിന്നുള്ള വെള്ളം കുത്തനെ കുറയും. നദിയുടെ ഒഴുക്കിലെ മാറ്റങ്ങൾ പ്രാദേശിക ജൈവവൈവിധ്യത്തെയും ബാധിക്കും. ലോകത്തെ ഏറ്റവും പാരിസ്ഥിതിക യി ദുർബലവും ഭൂകമ്പ സാധ്യതയുള്ളതുമായ പ്രദേശത്ത് ആണ് ഡാം വരുന്നത്.

2004ൽ ഉണ്ടായ മണ്ണിടിച്ചിലിൽ ഹിമാചൽ പ്രദേശിനടുത്തുള്ള ടിബറ്റൻ ഹിമാലയത്തിലെ പരേച്ചു തടാകം വെള്ളക്കെട്ടായി മാറി. ഇത് ഏത് നിമിഷവും പൊട്ടുമെന്ന് ചൈന ഇന്ത്യക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. അതിനാല്‍ തടാകത്തിന്റെ വെള്ളത്തിന്റെ അളവ് ഇന്ത്യ നിരീക്ഷിച്ചുകൊണ്ടിരുന്നു. 2005 ജൂണിൽ തടാകം പൊട്ടി സത്‌ലജ് നദിയില്‍ വലിയ പ്രളയം രൂപപ്പെട്ടു. എന്നാല്‍ ഇന്ത്യ കരുതി നിന്നതിനാല്‍ നാശനഷ്ടം വളരെ പരിമിതമായി മാറി. അതിനാല്‍ ഇരുരാജ്യങ്ങളും തമ്മില്‍ വലിയ ഏകോപനം പുതിയ ഡാമിന്റെ കാര്യത്തിലും ആവശ്യമാകുകയാണ്.

മെകോങ് നദീതടത്തിൽ ചൈന 12 വലിയ അണക്കെട്ടുകൾ നിർമ്മിച്ചിട്ടുണ്ട്. ഇതും ഇന്ത്യയ്ക്ക് ഭീഷണിയാണ് ഉയര്‍ത്തുന്നത്. ബ്രഹ്മപുത്രയും സത്‌ലജും സംബന്ധിച്ച് ഇന്ത്യയും ചൈനയുമായി രണ്ട് വ്യത്യസ്ത ധാരണാപത്രങ്ങളുണ്ട്‌. ഇത് പക്ഷെ കാലഹരണപ്പെട്ടിട്ടുണ്ട്. പുതുക്കല്‍ പ്രക്രിയയില്‍ പക്ഷെ പുരോഗതിയില്ല. ഇന്ത്യയുടെ ആശങ്കകള്‍ക്ക് മറുപടിയായി ഇത് നദീതട പദ്ധതികള്‍ ആണെന്നാണ് ചൈനയുടെ വിശദീകരണം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top