കൊടുംകാടിനുള്ളിൽ ഒറ്റപ്പെട്ട ജീവിതം, അപൂർവമായി മാത്രം പ്രത്യക്ഷപ്പെടുന്നവർ; ഗോത്ര സമൂഹത്തിന്റെ അപൂർവ ചിത്രങ്ങൾ

പുറംലോകവുമായി ബന്ധമില്ലാതെ ഒറ്റപ്പെട്ട് ജീവിക്കുന്ന പെറുവിയൻ ആമസോണിലെ ഗോത്ര സമൂഹമാണ് മാഷ്‌കോ പിറോ. ഈ അപൂർവ ഗോത്രസമൂഹത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പുറത്തുവിട്ടിരിക്കുകയാണ് സർവൈവൽ ഇന്റർനാഷണൽ. നദീതീരത്ത് വിശ്രമിക്കുന്ന ഗോത്രജനതയെയാണ് വീഡിയോയിൽ കാണുന്നത്. വംശനാശ ഭീഷണി നേരിടുന്ന ഗോത്രസമൂഹത്തിന്റെ ക്ഷേമത്തെക്കുറിച്ച് ആശങ്കകൾ ഉയരുന്നതിനിടെയാണ് പുതിയ വീഡിയോ പുറത്തുവന്നിരിക്കുന്നത്.
ഈ പ്രദേശത്ത് മരം മുറിക്കലും വനനശീകരണവും വർധിച്ചത് ഗോത്രസമൂഹത്തെ അവരുടെ പരമ്പരാഗത ഭൂമിയിൽ നിന്ന് പുറത്താക്കാൻ സാധ്യതയുണ്ടെന്ന് പ്രാദേശിക ഗ്രൂപ്പായ ഫെനാമാഡിൻ പറയുന്നു. ഭക്ഷണവും സുരക്ഷിതമായ ഒരു അഭയകേന്ദ്രവും തേടി വരും വർഷങ്ങളിൽ മാഷ്‌കോ പിറോ ജനവാസ കേന്ദ്രങ്ങൾക്ക് അടുത്തേക്ക് പോയേക്കാമെന്നും അവർ വ്യക്തമാക്കി.
ബ്രസീൽ അതിർത്തിയോട് ചേർന്നുള്ള തെക്കുകിഴക്കൻ പെറുവിയൻ പ്രവിശ്യയായ മാഡ്രെ ഡി ഡിയോസിലെ നദിയുടെ തീരത്ത് നിന്നും ജൂൺ അവസാനം പകർത്തിയ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നതെന്ന് സർവൈവൽ ഇന്റർനാഷണലിന്റെ റിപ്പോർട്ടിൽ പറയുന്നുണ്ട്. പെറുവിലെ യിൻ ജനതയുടെ ഗ്രാമത്തിന് സമീപം 50-ലധികം മാഷ്‌കോ പിറോ ആളുകൾ അടുത്ത ദിവസങ്ങളിൽ എത്തിയിരുന്നു. വളരെ അപൂർവമായി മാത്രമേ മാഷ്‌കോ പിറോ ഗോത്രവാസികൾ പ്രത്യക്ഷപ്പെട്ടിട്ടുള്ളൂവെന്നും യീനുമായോ ആരുമായും അധികം ആശയവിനിമയം നടത്താറില്ലെന്നും സർവൈവൽ ഇന്റർനാഷണൽ പറഞ്ഞു.
ആമമുട്ടകളെ വേട്ടയാടുന്നതും ശേഖരിക്കുന്നതുമാണ് പരമ്പരാഗതമായി, മാഷ്‌കോ പിറോ ഗ്രോത്രക്കാരുടെ ഉപജീവന മാർഗം, അവരുടെ ജനസംഖ്യ 800 ൽ താഴെ ആണെന്നാണ് സർക്കാർ കണക്കുകൾ. മുട്ടകൾ എടുക്കാൻ അവർ നദീതീരത്ത് എത്തുമ്പോഴാണ് പലപ്പോഴും ദൃശ്യങ്ങൾ ലഭിച്ചിട്ടുള്ളത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here