കർത്താവിൻ്റെ നാമത്തിൽ ഗുസ്തി പളളി; പ്രാർത്ഥിക്കുന്നതോടൊപ്പം എതിരാളികളെ ഇടിച്ചു പരത്താം; ഇംഗ്ലണ്ടിലെ പുതിയ ട്രെൻഡായി റസ്‌ലിങ് ചർച്ച്

കർത്താവായ യേശുക്രിസ്തുവിൻ്റെ പേരിൽ പാസ്റ്റർമാരും വൈദികരും കാണിച്ചുകൂട്ടുന്ന കോപ്രായങ്ങൾക്ക് ഒരു കുറവുമില്ല. ഇവിടെ ഈ കൊച്ചു കേരളത്തിൽ ധ്യാനം, രോഗശാന്തി, അത്ഭുത പ്രവർത്തികൾ, കരിസ്മാറ്റിക് എന്നു വേണ്ട സകലമാന ഉഡായിപ്പുകളും നടത്തി ജനങ്ങളെ പറ്റിക്കാൻ നോക്കുന്ന നിരവധി ആത്മീയ ഫ്രോഡുകൾ വാഴുന്ന നാടായി മാറിക്കഴിഞ്ഞു. പ്രാർത്ഥനയ്ക്കും ആരാധനയ്ക്കും മറ്റും ആളെ കൂട്ടാൻ ഇംഗ്ലണ്ടിലെ ഒരു പള്ളിയിൽ ഗുസ്തി മത്സരം നടത്തുന്നുണ്ട്. റസ്‌ലിങ് ചർച്ച് (Wrestling Church) എന്നാണ് ഈ പള്ളി അറിയപ്പെടുന്നത്‌. യേശുവിൻ്റെ രണ്ടാമത്തെ വരവിൻ്റെ പേരു പറഞ്ഞ് നടത്തുന്ന ഒന്നാന്തരം ഉഡായിപ്പുകൾ.

യുറോപ്യൻ രാജ്യങ്ങളിൽ വിശ്വാസികളുടെ കൊഴിഞ്ഞു പോക്കു നിമിത്തം ഒരു മാതിരിപ്പെട്ട ക്രിസ്ത്യൻ പള്ളികളൊക്കെ അടഞ്ഞു കിടക്കയാണ്. ചില പള്ളികൾ കച്ചവട സ്ഥാപനങ്ങളായും ബാറുകളായും മാറിയിട്ടുണ്ട്. 2021 ലെ സെൻസസ് പ്രകാരം ഇംഗ്ലണ്ടിലെ ജനസംഖ്യയിൽ 37 ശതമാനം പേർ ഒരു മതത്തിലും വിശ്വസിക്കാത്തവരാണ്. പള്ളികളിൽ വിശ്വാസികൾ കുറയാനുള്ള പ്രധാന കാരണങ്ങളിലൊന്നാണിത്.

ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തിലാണ് ഗാരേത്ത് തോംപ്സൺ (Gareth Thompson) എന്ന 37 കാരനായ സുവിശേഷകൻ ആളെക്കൂട്ടാൻ പുതിയൊരു മാർഗം കണ്ടെത്തിയത്. ആരാധനയ്ക്കും പ്രാർത്ഥനയ്ക്കുമൊപ്പം പള്ളിക്കുള്ളിൽ ഗുസ്തി മത്സരം നടത്തുന്ന നൂതന മാർക്കറ്റിംഗ് തന്ത്രം പരീക്ഷിച്ചു. സംഭവം ക്ലിക്കായി. ശരാശരി 200 പേർ തോംപ്സൻ്റെ ഗുസ്തി പള്ളിയിൽ ഞായറാഴ്ചകളിൽ എത്തുന്നുണ്ട്. കുട്ടികളും പ്രായമുള്ളവരും ഇവിടെ സ്ഥിരമായി വരാറുണ്ട്.

ആരും പരീക്ഷിച്ചിട്ടില്ലാത്ത വഴികളാണ് തോംപ്സൺ സ്വീകരിച്ചത്. ബ്രിട്ടനിലെ ഷിപ്ലി നഗരത്തിലെ പഴയ സെൻ്റ് പീറ്റേഴ്സ് ആംഗ്ലിക്കൻ ചർച്ച് കാലാന്തരത്തിൽ നൈറ്റ് ക്ലബായി മാറി. തോംപ്സൺ 2022 ൽ ഈ നൈറ്റ്ക്ലബ് വിലയ്ക്കു വാങ്ങി പളളിയാക്കി മാറ്റുകയായിരുന്നു. 2011 ലാണ് തോംപ്സൺ ക്രിസ്തുമതം സ്വീകരിച്ചത്. തൻ്റെ ഗുസ്തി പള്ളിയിൽ പാസ്റ്ററും പാതിരിയുമെല്ലാം തോംപ്സൺ തന്നെ. നല്ല ഒന്നാന്തരം ഗുസ്തിക്കാരനാണ് ഇദ്ദേഹം. ക്രിസ്തുവും ഗുസ്തിയുമാണ് തന്നെ വീണ്ടെടുത്തതെന്നാണ് തോംപ്സൻ്റെ സൈദ്ധാന്തിക നിലപാട്. കുറച്ചു സംസാരം കൂടുതൽ ഗുസ്തി എന്നതാണ് പുള്ളിയുടെ ലൈൻ. ജനങ്ങൾ ഞായറാഴ്ച പള്ളിയിലെത്തിയാൽ ഒന്നു രണ്ട് പാട്ടും അല്പ നേരം പ്രസംഗവും കഴിഞ്ഞാൽ പോരാളികൾ ഗോദയിലേക്കിറങ്ങും. പിന്നെ രണ്ട് രണ്ടര മണിക്കൂർ പൊരിഞ്ഞ പോരാട്ടം.

“നന്മയും തിന്മയും തമ്മിലുള്ള യുദ്ധമാണിത്. ഞാന്‍ ക്രിസ്ത്യാനിയായപ്പോൾ, ക്രിസ്തീയ വീക്ഷണ കോണിലൂടെ ഞാന്‍ റസ്ലിങിനെ നോക്കിക്കണ്ടു. ഞാന്‍ ദാവീദിനെയും ഗോലിയാത്തിനെയും കണ്ടു. ഞാന്‍ കായേലിനെയും ആബേലിനെയും കണ്ടു. ഞാന്‍ യേശുവിന്‍റെ പൈതൃകം അവനില്‍ നിന്നും മോഷ്ടിക്കപ്പെടുന്നതും ഞാന്‍ കണ്ടു. നമ്മുക്ക് ഈ കഥയെല്ലാം റസ്ലിങിലൂടെ പറയാന്‍ കഴിയും.’ ഗേരേത്ത് തോംപ്സണ്‍ പറയുന്നു. തോംപ്സണിന്‍റെ പള്ളിയില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും റസ്ലിങ് പരിശീലനമുണ്ട്. ഒപ്പം സ്ത്രീകൾക്ക് പ്രത്യേക പ്രതിരോധ ക്ലാസുകളും നടത്താറുണ്ട്.

ഇത്തരം ഗുസ്തി പളളികൾ കേരളത്തിലും അധികം താമസിയാതെ വരുമെന്ന് നമുക്ക് പ്രത്യാശിക്കാം. ഉഡായിപ്പിൻ്റെ ഉസ്താദുക്കളായ ആത്മീയ വ്യാപാരികൾ പുതിയ ഗുസ്തി നമ്പരുകളുമായി വരുമെന്ന് ഉറപ്പാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top