എഴുത്തുകാരി ദേവകി നിലയങ്ങോട് അന്തരിച്ചു

പ്രശസ്ത എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായിരുന്ന ദേവകി നിലയങ്ങോട് (95) അന്തരിച്ചു. തൃശൂരിലെ വസതിയിൽ വച്ച് വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. ജാതി അനാചാരങ്ങൾക്കെതിരെ നിരന്തരം എഴുതിയിരുന്ന ദേവകി നിലയങ്ങോട് നമ്പൂതിരി സമുദായത്തിൽ നിന്ന് സമുദായ പരിഷ്കരണത്തിന്റ ഭാഗമായി പൊതുരംഗത്തേക്ക് വന്ന വനിതാ പ്രവർത്തകരിൽ പ്രമുഖയാണ്.
‘നഷ്ടബോധങ്ങളില്ലാതെ’, ‘യാത്ര കാട്ടിലും നാട്ടിലും’, വാതിൽ പുറപ്പാട് എന്നിവയാണ് പ്രധാന കൃതികൾ. ഇവ ഒറ്റപ്പുസ്‌തകമാക്കി ‘കാലപ്പകർച്ച’ എന്ന പേരിൽ പ്രസിദ്ധീകരിച്ചു. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി പ്രസ് ‘കാലപ്പകർച്ച’ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി. സാഹിത്യ സാംസ്കാരിക രംഗങ്ങളിലെ മികച്ച പ്രഭാഷകയായിരുന്നു.
1928ൽ പൊന്നാനിക്കടുത്ത് മൂക്കുതല പകരാവൂർ മനയിൽ കൃഷ്ണൻ സോമയാജിപ്പാടിന്റെയും പാർവതി അന്തർജനത്തിന്റെയും മകളായി ജനിച്ച ദേവകി വിവാഹത്തോടെയാണ് തൃശ്ശൂരിലെത്തിയത്. 1943-ലാണ് ചാത്തനൂർ നിലയങ്ങോട്ട് മനയിലെ രവി നമ്പൂതിരിയുമായുള്ള വിവാഹം. യാഥാസ്ഥിതിക മനയിൽ ജനിച്ച പെൺകുട്ടികൾക്ക് അക്ഷരാഭ്യാസമില്ലാത്ത കാലത്ത് ജനിച്ച ദേവകിക്ക് വിദ്യാഭ്യാസം കിട്ടിയിരുന്നില്ല. പള്ളിക്കൂടങ്ങളിൽ പോയിരുന്ന ആൺ കുട്ടികളിൽ നിന്ന് കിട്ടുന്ന അറിവ് വെച്ച് അക്ഷരങ്ങൾ കൂട്ടി വായിച്ചു തുടങ്ങി. ദേവകി നിലയങ്ങോട് 75-ാമത്തെ വയസിലാണ് എഴുത്ത് തുടങ്ങുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here