മലയാള സാഹിത്യത്തിലെ പെരുന്തച്ഛൻ അരങ്ങൊഴിഞ്ഞു; എംടിയെന്ന ഇതിഹാസം വിടവാങ്ങി

മലയാള സാഹിത്യത്തിലെ ഇതിഹാസ കഥാകാരൻ എംടി വാസുദേവൻ നായർ അന്തരിച്ചു. 91 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നോവലിസ്റ്റ്‌, തിരക്കഥാകൃത്ത്‌, ചലച്ചിത്രസംവിധായകൻ, സാഹിത്യകാരൻ, നാടകകൃത്ത് എന്നീ രംഗങ്ങളിൽ പകരം വയ്ക്കാനില്ലാത്ത പ്രതിഭയാണ് വിടവാങ്ങിയത്.

അധ്യാപകൻ, പത്രാധിപൻ, എന്നീ നിലകളിലും പ്രവർത്തിച്ച ഇദ്ദേഹത്തിന് പത്മഭൂഷൺ, ജ്ഞാനപീഠം എഴുത്തച്ഛൻ പുരസ്കാരം, ജെസി ഡാനിയൽ പുരസ്കാരം, പ്രഥമ കേരള ജ്യോതി പുരസ്കാരം, കേരള നിയമസഭ പുരസ്കാരം തുടങ്ങിയ അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. ഹൃദയസ്തംഭനത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസകോശ – ഹൃദയ സംബന്ധമായ രോഗങ്ങൾ കാരണം പലതവണ കഴിഞ്ഞ മാസം അദ്ദേഹം ചികിത്സ തേടിയിരുന്നു.

1933 ജൂലായ് 15ന് പാലക്കാട് പട്ടാമ്പി താലൂക്കിലുള്ള കൂടല്ലൂര്‍ എന്ന ചെറുഗ്രാമത്തിലാണ് എം.ടി. വാസുദേവന്‍ നായരുടെ ജനനം. മാതൃഭൂമി ആഴ്ച്ചപ്പതിപ്പിലൂടെ മാധ്യമരംഗത്തും തന്റെതായ കയ്യൊപ്പ് ചാര്‍ത്തിയിരുന്നു. ആദ്യം കവിതകളായിരുന്നു എഴുതിയിരുന്നതെങ്കിലും പതിയെ ഗദ്യത്തിലേക്ക് മാറി. 1948ല്‍ ചിത്രകേരളം മാസികയില്‍ പ്രസിദ്ധീകരിച്ച ‘വിഷുവാഘോഷം’ ആണ് ആദ്യ കഥ പ്രസിദ്ധീകരിച്ചു. പിന്നീട് 1952-ല്‍ രക്തം പുരണ്ട മണല്‍ത്തരികള്‍ എന്ന ആദ്യ പുസ്തകവും പുറത്തിറങ്ങി. അത് മലയാള സാഹിത്യത്തിലെ എംടി കാലഘട്ടത്തിൻ്റെ തുടക്കമായിരുന്നു.

ദി ന്യൂ യോര്‍ക്ക് ഹെറാള്‍ഡ് ട്രിബ്യൂണ്‍ നടത്തിയ ലോക ചെറുകഥ മത്സരത്തില്‍ മലയാളത്തിലെ മികച്ച ചെറുകഥക്കുള്ള പുരസ്‌കാരം ലഭിച്ചു. ഇതോടെയാണ് എംടി എന്ന രണ്ടക്ഷരം മലയാള സാഹിത്യ രംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്.
23ാം വയസ്സിലായിരുന്നു എംടി തന്റെ ആദ്യ നോവലായ നാലുകെട്ട് എഴുതിയത്. ആ നോവലിന് 1958 കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു .മഞ്ഞ്, കാലം, അസുരവിത്ത്, രണ്ടാമൂഴം എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റ് പ്രധാന നോവലുകള്‍.

1965ല്‍ മുറപ്പെണ്ണ് എന്ന ചിത്രത്തിന് തിരക്കഥയൊരുക്കി കൊണ്ടാണ് എംടി സിനിമാ രംഗത്തേക്ക് രംഗപ്രവേശനം ചെയ്യുന്നത്. പിന്നീടിങ്ങോട്ട് 54 സിനിമകള്‍ക്ക് അദ്ദേഹം തിരക്കഥ എഴുതി. മികച്ച തിരക്കഥക്കുള്ള ദേശീയ അവാര്‍ഡ് നാല് തവണ ലഭിച്ചിട്ടുണ്ട്, ഒരു വടക്കന്‍ വീരഗാഥ (1989), കടവ് (1991), സദയം (1992), പരിണയം (1994), എന്നീ സിനിമയുടെ തിരക്കഥക്കാണ് അവാര്‍ഡ് ലഭിച്ചത്. 1963-64 കാലത്താണ് മുറപ്പെണ്ണ് എന്ന തിരക്കഥയെഴുതി എംടി ചലച്ചിത്രലോകത്തേക്ക് കടന്നത്. എംടി ആദ്യമായി സംവിധാനം ചെയ്ത നിര്‍മ്മാല്യം എന്ന ചിത്രത്തിന് 1973ല്‍ രാഷ്ട്രപതിയുടെ ഗോൾഡ് മെഡൽ ലഭിച്ചു.

എംടിയുടെ സംസ്‌കാരം ഇന്ന് വൈകിട്ട്; പൊതുദര്‍ശനമില്ല; വീട്ടില്‍ അന്തിമോപചാരം അര്‍പ്പിച്ച് പ്രമുഖര്‍

സാഹിത്യകാരന്‍ എം.ടി.വാസുദേവന്‍ നായരുടെ സംസ്‌കാരം ഇന്ന് നടക്കും. വൈകിട്ട് 5ന് മാവൂര്‍ റോഡ് ശ്മശാനത്തിലാണു സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നകത്. എംടിയുടെ ആഗ്രഹപ്രകാരം പ്രത്യേക പൊതുദര്‍ശനം ഉണ്ടാകില്ല. ഭൗതിക ശരീരം കൊട്ടാരം റോഡിലെ വസതിയായ സിതാരയിലാണുള്ളത്. വൈകിട്ട് നാലു മണിവരെ ഇവിടെ അന്തിമോപചാരമര്‍പ്പിക്കാം.

എംടിയുടെ വിയോഗ വാര്‍ത്തയറിഞ്ഞ് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ആരാധകര്‍ അടക്കം വന്‍ ജനാവലി എത്തിയിരുന്നു. അന്ത്യനിമിഷങ്ങളില്‍ ഭാര്യ സരസ്വതിയും മകള്‍ അശ്വതിയും അടുത്തുണ്ടായിരുന്നു. സാഹിത്യ, സിനിമാ, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ വീട്ടിലേക്കു വന്നുകൊണ്ടിരിക്കുകയാണ്. നടന്‍ മോഹന്‍ലാല്‍, എം.എന്‍.കാരശേരി, മന്ത്രി എ.കെ.ശശീന്ദ്രന്‍, ഷാഫി പറമ്പില്‍ എംപി, എം.സ്വരാജ്, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ വീട്ടിലെത്തി.

ഇന്നലെ രാത്രി പത്തോടെ ബേബി മെമ്മോറിയല്‍ ആശുപത്രിയിലായിരുന്നു എംടിയുടെ അന്ത്യം സംഭവിച്ചത്.

എഴുത്തുകാരിയും വിവർത്തകയുമായ പ്രമീളയായിരുന്നു ആദ്യ ഭാര്യ. 11വർഷത്തെ ദാമ്പത്യത്തിന് ശേഷം വേർപിരിഞ്ഞ ഈ ബന്ധത്തിൽ സിത്താര എന്ന മകളുണ്ട്. അമേരിക്കയിൽ ബിസിനസ്സ് എക്സിക്യൂട്ടീവായി ജോലി ചെയ്യുകയാണ് സിത്താര. 1977ൽ അദ്ദേഹം നൃത്ത കലാകാരിയായ കലാമണ്ഡലം സരസ്വതിയെ വിവാഹം കഴിച്ചു. ഈ വിവാഹത്തിൽ അശ്വതി നായർ എന്ന മകളുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top