മോഹന്‍ലാലിന്റെ രാജി ഭീരുത്വമെന്ന് ശോഭ ഡെ, അതിജീവിതമാര്‍ക്കൊപ്പം നില്‍ക്കാന്‍ തയ്യാറാകണം
ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലും പുറത്തും തുറന്ന് പറച്ചിലുകള്‍ നടത്തിയ അതിജീവിതമാര്‍ക്കൊപ്പം നില്‍ക്കാന്‍ മോഹന്‍ലാല്‍ തയ്യാറാകണമെന്ന് പ്രശസ്ത എഴുത്തുകാരി ശോഭ ഡെ. കമ്മറ്റി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറാകണം എന്നും അവര്‍ ആവശ്യപ്പെട്ടു. നിലപാട് വ്യക്തമാക്കാതെ രാജിവെച്ചൊഴിഞ്ഞത് തികഞ്ഞ ഭീരുത്വമാണെന്നും ശോഭ ഡെ കുറ്റപ്പെടുത്തി. എന്‍ഡിടിവി ചാനലിന്റെ ചര്‍ച്ചയിലാണ് രൂക്ഷമായ വിമര്‍ശനം ശോഭ ഡെ ഉന്നയിച്ചത്.
ഉയര്‍ന്നു വന്ന വിഷയങ്ങളില്‍ നിലപാടൊന്നും വ്യക്തമാക്കാനോ നീതി നിഷേധിക്കപ്പെട്ടവര്‍ക്ക് നീതി ഉറപ്പാക്കാനോ ശ്രമിക്കാതെ രാജിവെച്ച് ഒളിച്ചോടുകയായിരുന്നു മോഹന്‍ലാല്‍. മനുഷ്യനാകാന്‍ ശ്രമിക്കുകയും, വേദനിക്കുന്നവര്‍ക്കും അവസരങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്കുമൊപ്പം നില്‍ക്കാനും ശ്രമിക്കണമെന്നും ശോഭ ഡെ പറഞ്ഞു. ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ ക്രീയാത്മകമായ നിര്‍ദ്ദേശങ്ങള്‍ ഉണ്ടായിരുന്നു. അതെല്ലാം ഒളിപ്പിക്കാനാണ് ശ്രമിക്കുന്നത്. തൊഴില്‍ നഷ്ടപ്പെട്ട, ഒറ്റപ്പെട്ടവര്‍ക്കൊപ്പം നില്‍ക്കാന്‍ ശ്രമിച്ചില്ല. ഇതിനെല്ലാം പിന്നില്‍ പതിനഞ്ചോ ഇരുപതോ പുരുഷന്‍മാരുടെ സംഘമാണെന്നും ശോഭ ഡെ കുറ്റപ്പെടുത്തി
സിനിമാമേഖലയിലെ പുരുഷാധിപത്യമാണ് പ്രശ്‌നങ്ങളുടെയെല്ലാം അടിസ്ഥാനം. സ്ത്രീകള്‍ക്ക് ശബ്ദമോ അധികാരമോ ഇല്ലാത്ത സാഹചര്യമാണ്. നീതിയുടെ ഭാഗത്ത് നില്‍ക്കുകയാണ് നല്ല നേതൃത്വം ചെയ്യേണ്ടത്. സ്ത്രീകള്‍ക്കെതിരെ അതിക്രമം നടത്തുന്നവര്‍ക്കെതിരെ അമ്മ നേതൃത്വം നടപടിയെടുക്കണമായിരുന്നു. സിനിമ സെറ്റുകളില്‍ ആവശ്യത്തിന് ടോയ്‌ലെറ്റ് പോലുമില്ലെന്നത് മനുഷത്വരഹിതമാണെന്നും ശോഭ ഡെ പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here