രാജീവ് ചന്ദ്രശേഖറിൻ്റെ പത്രികയിൽ ഗുരുതര പിഴവുകൾ; ലോക്സഭയ്ക്കു പകരം ‘രാജ്യസഭ’ എന്നെഴുതി; കേവലം അക്ഷരത്തെറ്റുകളെന്ന് ബിജെപി
തിരുവനന്തപുരം: തിരുവനന്തപുരത്ത് മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിൻ്റെ നാമനിർദേശ പത്രികയിൽ ഗുരുതരപിഴവുകൾ. മത്സരിക്കുന്ന സംസ്ഥാനത്തിൻ്റെ പേരും ലോക്സഭ സീറ്റിൻ്റെ പേരും എഴുതേണ്ടതിന് പകരം ബെംഗളൂരുവിലെ വിലാസമാണ് നല്കിയതെന്ന് ദ ഹിന്ദു പത്രം റിപ്പോർട്ട് ചെയ്യുന്നു.
ഇങ്ങനെ അത്യന്തം ഗുരുതരമായ പല പിശകുകളും പത്രികയിൽ ഇടം പിടിച്ചിട്ടുണ്ടെന്നാണ് എതിർപക്ഷത്തുള്ളവർ പറയുന്നത്. പത്രികയുടെ അനക്സ് ഒന്നിലും അനക്സ് ഏഴിലും ‘രാജ്യസഭ’ യിലേക്കുള്ള നാമനിർദേശം – 2024 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സത്യവാങ്മൂലത്തിൻ്റെ ഒന്നാം പേജിൽ തിരുവനന്തപുരം ലോക്സഭാ മണ്ഡലം എന്ന് പറഞ്ഞിട്ടുണ്ടെങ്കിലും മറ്റ് വിവരങ്ങൾ നൽകുന്നിടത്ത് പിശകുകൾ കണ്ടെത്തിയാൽ പത്രിക സ്വീകരിക്കാൻ പാടില്ല എന്നാണ് ചട്ടം. 43 പേജുള്ള പത്രികയിൽ മൂന്നിടത്താണ് പിഴവുകൾ ഉള്ളത്.
പത്രികയിൽ പിശകുകൾ ഉണ്ടെന്ന് കണ്ടെത്തിയാൽ പരാതിക്കാർക്ക് നിയമപരമായ മാർഗം തേടാവുന്നതാണെന്ന് സംസ്ഥാന ഇലക്ട്രൽ ഓഫീസർ സഞ്ജയ് കൗൾ ചൂണ്ടിക്കാട്ടി. പത്രിക സ്വീകരിച്ച് കഴിഞ്ഞ സാഹചര്യത്തിൽ ഇനി തിരഞ്ഞെടുപ്പ് കമ്മീഷന് ഇടപെടാനാവില്ല. കോടതിക്ക് മാത്രമേ ഇടപെടാനാവുകയുള്ളു.
രാജീവ് ചന്ദ്രശേഖർ സ്വത്ത് വിവരം മറച്ചുവച്ചാണ് സത്യവാങ്മൂലം സമർപ്പിച്ചതെന്ന പരാതി അന്വേഷിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്. നാമനിര്‍ദേശ പത്രികക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ സ്വത്ത് വിവരങ്ങളില്‍ പൊരുത്തക്കേടുണ്ടോ എന്ന് പരിശോധിക്കാന്‍ കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിനോടാണ് ആവശ്യപ്പെട്ടത്. 2021–22ല്‍ നികുതി അടച്ചതിന്‍റെ ശരിയായ വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ല, പ്രധാന കമ്പനിയായ ജുപ്പീറ്റര്‍ ക്യാപിറ്റലിനെക്കുറിച്ച് വെളിപ്പെടുത്തിയിട്ടില്ല, സ്വത്തു വിശദാംശങ്ങളില്‍ കൃത്യതയില്ല എന്നീ ആരോപണങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ് ആണ് രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി നല്‍കിയത്.
തെറ്റായ വിവരങ്ങള്‍ക്ക് 1951ലെ ജനപ്രാതിനിധ്യ നിയമം വകുപ്പ് 125 എ പ്രകാരം നടപടിയുണ്ടാകും. ഇപ്പോൾ കണ്ടെത്തിയെന്ന് പറയുന്ന പിഴവുകൾ കേവലം അക്ഷര പിശകുകൾ മാത്രമാണെന്നും അവ ഗുരുതര സ്വഭാവമുള്ളതല്ലെന്നും രാജീവ് ചന്ദ്രശേഖറിൻ്റെ മുഖ്യ തിരഞ്ഞെടുപ്പ് ഏജൻ്റായ ജെ.ആർ.പത്മകുമാർ പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here