വയനാട് പ്രചാരണത്തിൽ കഴിഞ്ഞ തവണത്തെ പേരുദോഷം തീർക്കാൻ ജോസ് കെ.മാണി; പ്രിയങ്കയ്ക്ക് എതിരായി ഇറങ്ങും; സ്വീകരിക്കുക ഇടതുനിലപാട് മാത്രം
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടിലെ ഇടത് സ്ഥാനാര്‍ത്ഥി ആനി രാജയ്ക്ക് വേണ്ടി പ്രചാരണത്തിന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി എത്തിയിരുന്നില്ല. ഇന്ത്യാ സഖ്യത്തില്‍ പ്രചാരണസമിതിയുടെ തലപ്പത്ത് ഉള്ളതിനാലാണ് രാഹുല്‍ ഗാന്ധിക്ക് എതിരെ പ്രചാരണത്തിന് എത്താത്തത് എന്ന് ആക്ഷേപം ഉണ്ടായിരുന്നു. ഈ ആക്ഷേപത്തിന്റെ പശ്ചാത്തലത്തിലാണ് ഇക്കുറി പ്രിയങ്കയ്ക്ക് എതിരെ വയനാട്ടില്‍ പ്രചാരണത്തിന് ജോസ് കെ.മാണി എത്തുമോ എന്ന ചോദ്യം ഉയര്‍ന്നത്.
പ്രിയങ്ക ഗാന്ധിക്ക് എതിരെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുമെന്നു കേരളാ ജോസ്.കെ.മാണി വ്യക്തമാക്കി. വയനാട്ടില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയുണ്ട്. അതിനാല്‍ വയനാട്ടില്‍ പ്രചാരണത്തിന് എത്തും. – ജോസ് കെ.മാണി മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. “വയനാട് മാത്രമല്ല, ഇടതുമുന്നണി നിലപാടിന്റെ ഭാഗമായി പാര്‍ലമെന്റിലും ചിലപ്പോള്‍ വിയോജിക്കേണ്ടി വരുന്നുണ്ട്. എപ്പോഴും ഇടതുപക്ഷത്തിന്റെ നിലപാടാണ് പിന്തുടരുക. അതിനാല്‍ സത്യന്‍ മൊകേരിക്ക് വേണ്ടി പ്രചാരണത്തിന് എത്തും.” – ജോസ് കെ.മാണി പറഞ്ഞു.
കേരള കോണ്‍ഗ്രസ് ഇടതുമുന്നണിയിലെ പ്രധാന ഘടകകക്ഷിയാണെങ്കിലും സിപിഐയുമായി ഉരസല്‍ നില്‍ക്കുന്നുണ്ട്. സിപിഐയേക്കാള്‍ പ്രാധാന്യം കേരള കോണ്‍ഗ്രസിന് നല്‍കുന്നു എന്നാണ് സിപിഐയുടെ പരാതി. ജോസ് കെ.മാണി വയനാട്ടില്‍ എത്തിയില്ലെങ്കില്‍ അത് മുന്നണിക്കുള്ളിലെ രാഷ്ട്രീയ പ്രശ്നമായി മാറുകയും ചെയ്യുമായിരുന്നു. വയനാട് ഇടതുമുന്നണി പ്രചാരണത്തിന് ജോസ്.കെ.മാണി എത്തിയാല്‍ അത് കേരള കോണ്‍ഗ്രസിന് നേരെയുള്ള വിമര്‍ശനങ്ങളുടെ മുനയൊടിക്കും.
രാഹുല്‍ ഗാന്ധിക്ക് എതിരെ എന്തുകൊണ്ടാണ് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ എത്താതിരുന്നതെന്ന് ചോദ്യം ഉയര്‍ന്നപ്പോള്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പ്രചാരണ ചുമതല ഉള്ളതിനാലാണ് എത്താതിരുന്നത് എന്നാണ് കേരള കോണ്‍ഗ്രസ് നേതാക്കള്‍ വിശദീകരിച്ചത്. എന്നാല്‍ ഇക്കുറി സാഹചര്യം വ്യത്യസ്തമാണ്. വയനാട് നടക്കുന്നത് ഉപതിരഞ്ഞെടുപ്പാണ്. ജോസ് കെ.മാണി വയനാട് എത്തിയില്ലെങ്കില്‍ ഇടതുമുന്നണിയില്‍ നിന്നും എതിര്‍പ്പ് ഉയരുമായിരുന്നു. ഈ എതിര്‍പ്പ് മുന്‍കൂട്ടി കണ്ടാണ് ജോസ് കെ.മാണിയുടെ തീരുമാനം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here