‘അക്കൗണ്ടുകൾ പിൻവലിച്ചത് കേന്ദ്ര നിർദേശപ്രകാരം’; നടപടി അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിര്, വിയോജിപ്പ് അറിയിച്ച് എക്സ്
ഡൽഹി: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലെ ചില അക്കൗണ്ടുകളും പോസ്റ്റുകളും നീക്കം ചെയ്തത് കേന്ദ്ര സർക്കാർ നിർദേശം അനുസരിച്ചെന്ന് എക്സ്. സർക്കാർ ഉത്തരവ് പ്രകാരം പോസ്റ്റുകളും അക്കൗണ്ടുകളും നീക്കം ചെയ്‌തെങ്കിലും അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ ഈ നടപടിയോട് വിയോജിക്കുന്നെന്നും എക്സ് വ്യക്തമാക്കി. ഗ്ലോബൽ ഗവൺമെന്റ് അഫയേഴ്സ് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സർക്കാർ നിർദേശപ്രകാരം ഇന്ത്യയിൽ മാത്രം ചില അക്കൗണ്ടുകളും പോസ്റ്റുകളും എക്സ് പിൻവലിച്ചിരുന്നു.
ഉത്തരവ് പ്രസിദ്ധപ്പെടുത്താൻ നിയമതടസങ്ങൾ ഉണ്ടെന്നും എന്നാൽ വിവരം ജനങ്ങളെ അറിയിക്കേണ്ടത് സുതാര്യതയ്ക്കും വിശ്വാസ്യതയ്ക്കും അനിവാര്യമായത് കൊണ്ടാണ് വെളിപ്പെടുത്തുന്നതെന്നും എക്സ് പോസ്റ്റിലൂടെ പറഞ്ഞു. പിൻവലിച്ച അക്കൗണ്ടുകൾക്കും പോസ്റ്റുകൾക്കും എതിരെ നിയമനടപടി സ്വീകരിക്കാനും കേന്ദ്ര സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. കർഷക സമരവുമായി ബന്ധപ്പെട്ട് 177ഓളം അക്കൗണ്ടുകളാണ് താത്കാലികമായി നീക്കം ചെയ്തത്. കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയമാണ് നിർദേശം നൽകിയത്. കഴിഞ്ഞ കർഷക സമരത്തിന്റെ സമയത്തും ഇത്തരത്തിൽ അക്കൗണ്ടുകൾ പിൻവലിച്ചിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here