സിപിഎം നേതാക്കൾ ഭീഷണിപ്പെടുത്തി; നെൻമാറ പഞ്ചായത്ത് അസി. സെക്രട്ടറിയെ കാൺമാനില്ല

പാലക്കാട്: നെൻമാറ പഞ്ചായത്തിലെ അസിസ്റ്റൻ്റ് സെക്രട്ടറിയെ കാൺമാനില്ല. ഇന്ന് ഉച്ചയ്ക്ക് മുതലാണ് നെൻമാറ പഞ്ചായത്തിലെ അസിസ്റ്റൻ്റ് സെക്രട്ടറിയായിരുന്ന വൈ. സുബൈർ അലിയെ കാണാതായത് എന്നാണ് പരാതി. സംഭവത്തിൽ പഞ്ചായത്ത് പ്രസിഡൻ്റാണ് നെൻമാറ പോലീസിൽ പരാതി നൽകിയത്.

ഓഫീസിൽ കത്തെഴുതി വെച്ചാണ് സുബൈർ പോയത്. കൊല്ലങ്കോട് സിപിഎം ഏരിയ സെക്രട്ടറി കെ.പ്രേമൻ ഭീഷണിപ്പെടുത്തിയെന്നാണ് കത്തിൽ പറയുന്നത്. ഒക്ടോബർ നാലിന് സിപിഎം അംഗങ്ങൾ വൈസ് പ്രസിഡന്‍റിന്‍റെ നേതൃത്വത്തില്‍ തന്‍റെ ക്യാബിനിലെത്തി പ്രശ്നമുണ്ടായിക്കിരുന്നുവെന്ന് കത്തില്‍ പറയുന്നു. കുടുംബ പ്രശ്നങ്ങളും ഇദ്ദേഹത്തെ അലട്ടിയിരുന്നുവെന്ന് കത്തില്‍ സൂചനയുണ്ട്.

ഒക്ടോബർ നാലിന് സിപിഎം കൊല്ലങ്കോട് ഏരിയാ സെക്രട്ടറി കെ.പ്രേമൻ, നെന്മാറ ലോക്കൽ സെക്രട്ടറി നാരായണൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. പ്രകാശൻ എന്നിവരുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിൽ കയറി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തായി നേരത്തേ ആരോപണമുയർന്നിരുന്നു. സംഭവം ചൂണ്ടിക്കാട്ടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി തദ്ദേശ സ്വയം ഭരണവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർക്ക് പരാതി നൽകിയിരുന്നു.

ഗ്രാമപഞ്ചായത്തിലെ വികസന മുരടിപ്പിനെതിരെ സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള പരിപാടിക്കായി പാർക്ക് മൈതാനം ബുക്ക് ചെയ്തിരുന്നു. ഫീസ് അടച്ചിട്ടിണ്ടോയെന്ന് അസിസ്റ്റൻ്റ് സെക്രട്ടറി വൈ. സുബൈർ അലി ചോദിച്ചതാണ് സിപിഎം നേതാക്കളെ പ്രകോപിച്ചത്.തുടർന്നാണ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ സെക്രട്ടറിയേയും അസിസ്റ്റൻറ് സെക്രട്ടറിയേയും ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തത്.

ജോലിക്ക് തടസ്സമാകുന്ന രീതിയിൽ പൊതുജനമധ്യത്തിൽ ജീവനക്കാരെ അവഹേളിച്ച നടപടിയിൽ പ്രതിഷേധിച്ച് ഗ്രാമപഞ്ചായത്ത് ജീവനക്കാർ കറുത്ത മാസ്‌ക് അണിഞ്ഞ് പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ എന്നാൽ പഞ്ചായത്തിലെ ജീവനക്കാരോട് ശബ്ദമുയർത്തി സംസാരിക്കുക മാത്രമാണ് ചെയ്തതെന്നാണ് സിപിഎം നേതാക്കളുടെ വിശദീകരണം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top