മെമ്മറി കാര്‍ഡ് കാണാതായതില്‍ കണ്ടക്ടറെ സംശയമെന്ന് യദു; സുബിന്‍ ഡിവൈഎഫ്ഐക്കാരന്‍; എംഎല്‍എ ബസില്‍ കയറിയപ്പോള്‍ ‘സഖാവേ ഇരുന്നോളു’ എന്ന് പറഞ്ഞ് കണ്ടക്ടര്‍ എഴുന്നേറ്റു

തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രനും സംഘവും തടഞ്ഞിട്ട കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് മോഷണം പോയതിന് പിന്നില്‍ കണ്ടക്ടറെ സംശയമുണ്ടെന്ന ആരോപണവുമായി ഡ്രൈവര്‍ എച്ച്.എല്‍.യദു. കണ്ടക്ടറും എംഎല്‍എയും ഗൂഢാലോചന നടത്തിയോ എന്നും സംശയമുണ്ടെന്നും യദു പറഞ്ഞു.

രൂക്ഷമായ വിമര്‍ശനമാണ് മേയര്‍ ആര്യക്കും ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എയ്ക്കും എതിരായി യദു ഉന്നയിച്ചത്. “ബസ് തടഞ്ഞ ദിവസം കണ്ടക്ടറായിരുന്ന സുബിന്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനാണ്. സച്ചിന്‍ദേവ് എംഎല്‍എ ബസില്‍ കയറിയത് കണ്ടില്ലെന്ന് കണ്ടക്ടര്‍ പൊലീസിനു നല്‍കിയ മൊഴി നുണയാണ്. കണ്ടക്ടര്‍ മുന്‍ സീറ്റിലാണ് ഇരുന്നത്. പിന്‍സീറ്റിലാണ് ഇരുന്നതെന്നാണ് പോലീസിനോട് പറഞ്ഞത്. ഇതെല്ലാം പച്ചക്കള്ളമാണ്.”

“എംഎല്‍എ സച്ചിൻ ദേവ് ബസില്‍ കയറിയപ്പോള്‍ എഴുന്നേറ്റ് സീറ്റ് നല്‍കിയത് കണ്ടക്ടറാണ്. എംഎല്‍എ വന്നപ്പോള്‍ ‘സഖാവേ ഇരുന്നോളു’ എന്നു പറഞ്ഞു മുന്നിലെ സീറ്റ് മാറിക്കൊടുത്തു.” യദു പറയുന്നു.

മേയര്‍ ആര്യാ രാജേന്ദ്രനും സംഘവും കെഎസ്ആര്‍ടിസി ബസ് തടഞ്ഞത് വിവാദമായി തുടരുമ്പോള്‍ നടപടി ആവശ്യപ്പെട്ട് യദു ഇന്ന് കോടതിയെ സമീപിച്ചിട്ടുണ്ട്. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹർജി സമർപ്പിച്ചത്. ബസ് തടഞ്ഞതിലും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിലും അന്വേഷണം വേണമെന്നാണ് ആവശ്യം. ഹര്‍ജി തിങ്കളാഴ്ച കോടതി പരിഗണിക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top