യഹ്യ സിന്‍വറിന്റെ മരണം ഗാസ സംഘർഷത്തിന്റെ അവസാനമാകുമോ; പ്രതികരണവുമായി ഇസ്രയേലും അമേരിക്കയും
ഹമാസ് തലവൻ യഹ്യ സിൻവറിന്റെ മരണത്തില്‍ പ്രതികരണവുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും. ഹമാസ് മേധാവി സിന്‍വറിന്റെ മരണം ഇസ്രയേല്‍ സ്ഥിരീകരിച്ചിരുന്നില്ല. ഇപ്പോള്‍ സ്ഥിരീകരണമാവുകയാണ്. കഴിഞ്ഞ ദിവസം ഇസ്രയേല്‍ ഗാസയില്‍ നടത്തിയ വ്യോമാക്രമണത്തിലാണ് സിന്‍വര്‍ കൊല്ലപ്പെട്ടത്.
സിന്‍വറിന്റെ മരണം ഗാസയിലെ സംഘർഷത്തിന്റെ അവസാനത്തിന്റെ തുടക്കമാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചത്. “യഹ്യ സിൻവർ മരിച്ചു. ഇസ്രായേൽ പ്രതിരോധ സേനയിലെ ധീരരായ സൈനികരാണ് അദ്ദേഹത്തെ റാഫയിൽ വധിച്ചത്.” – നെതന്യാഹു പറഞ്ഞു.
ഹമാസ് ബന്ദികളാക്കിയ ഇസ്രയേല്‍ പൗരന്മാരെ ഇനിയും മോചിപ്പിക്കാനുണ്ട്. അതിനു തടസം നില്‍ക്കുന്നത് യഹ്യ ആണെന്ന് ഇസ്രയേല്‍ ആരോപിച്ചിരുന്നു. ഹമാസ് ഇസ്രയേലില്‍ നടത്തിയ ആക്രമണത്തിന്റെ സൂത്രധാരന്‍ ഇസ്മായില്‍ ഹനിയ ആയിരുന്നില്ലെന്നും യഹ്യ ആണെന്നുമാണ് ഇസ്രയേല്‍ നിഗമനം. ഹനിയയെ ഇസ്രയേല്‍ വധിച്ചെങ്കിലും യഹ്യയെ വധിക്കാന്‍ കഴിഞ്ഞിരുന്നില്ല. ആ ലക്ഷ്യമാണ് ഇസ്രയേല്‍ പൂര്‍ത്തീകരിച്ചത്. ഇതോടെ ഗാസ സംഘര്‍ഷം തല്‍ക്കാലത്തേക്ക് എങ്കിലും അവസാനിക്കും എന്ന സൂചനകള്‍ വന്നു തുടങ്ങിയിട്ടുണ്ട്. നെതന്യാഹുവിന്റെ പ്രതികരണവും ഈ രീതിയില്‍ തന്നെയാണ്.
“ഇത് ലോകത്തിന് ഒരു നല്ല ദിവസമാണ്” അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ബന്ദി കൈമാറ്റത്തിനും ഗാസ വെടിനിർത്തലിനുമുള്ള ഒരു പ്രധാന തടസം നീങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗാസ സംഘര്‍ഷം അവസാനിപ്പിക്കാന്‍ നെതന്യാഹുവുമായി സംസാരിക്കുമെന്നും ബൈഡന് പറഞ്ഞു.
2023 ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രയേലില്‍ നടത്തിയ ആക്രമണങ്ങളുടെ മുഖ്യസൂത്രധാരന്‍ യഹ്യ സിന്‍വറായിരുന്നു. ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ 2024ല്‍ ടെഹ്റാനില്‍ വെച്ച് ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടപ്പോള്‍ പിന്‍ഗാമിയായിട്ടാണ് യഹ്യയെ അവരോധിച്ചത്. ഹനിയ കൊല്ലപ്പെട്ടശേഷം ഹമാസിന്റെ നിയന്ത്രണം സിൻവറിനായിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here