ഹമാസ് തലവന്‍ യഹ്യയുടെ അവസാന നിമിഷങ്ങള്‍ പുറത്ത്; ഒടുവിലത്തെ ശ്രമം ഡ്രോണിനെ തകര്‍ക്കാന്‍

ഹമാസ് തലവൻ യഹ്യ സിൻവറിന്റെ അവസാന നിമിഷ വീഡിയോ ദൃശ്യങ്ങള്‍ ഇസ്രയേല്‍ പുറത്തുവിട്ടു. റാഫയില്‍ തകര്‍ന്ന കെട്ടിടത്തിനിടയില്‍ ഒരു കസേരയില്‍ ഇരിക്കുന്ന യഹ്യ സിന്‍വറിന്റെ ദൃശ്യമാണ് ആദ്യം കാണുന്നത്. ഡ്രോണ്‍ തന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് മനസിലാക്കിയ യഹ്യ വാള്‍ ഉയര്‍ത്തുന്നു. കൈവശമുള്ള എന്തോ വസ്തു ഡ്രോണിന് നേര്‍ക്ക് എറിയുന്നുണ്ട്‌. ഇസ്രയേൽ സേന ഐഡിഎഫിന്റെ വക്താവാണ് ഡ്രോൺ ദൃശ്യങ്ങൾ പുറത്ത് വിട്ടത്.

ഏറെ നാളായി ഇസ്രയേല്‍ യഹ്യ സിന്‍വറിനായുള്ള അന്വേഷണത്തിലായിരുന്നു. റാഫയില്‍ യഹ്യയെ ലാക്കാക്കി നിരന്തരം വ്യോമാക്രമണവും നടത്തിയിരുന്നു. യഹ്യയാണ് വധിക്കപ്പെട്ടത് എന്ന് മനസിലാക്കിയിട്ടും ഡിഎന്‍എ പരിശോധന നടത്തിയാണ് ഉറപ്പാക്കിയത്. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും, ഗ്രനേഡുകളും പണവും പിടിച്ചെടുത്തിട്ടുണ്ട്.

2023 ഒക്ടോബർ 7നു ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ യഹ്യ സിൻവറായിരുന്നു. യഹ്യയുടെ മരണത്തോടെ ഹമാസ് നേതൃനിരയാകെ ഇസ്രയേല്‍ തുടച്ചുനീക്കിയിരിക്കുകയാണ്. ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ 2024ല്‍ ടെഹ്‌റാനില്‍ വെച്ച് ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടപ്പോള്‍ പിന്‍ഗാമിയായിട്ടാണ് യഹ്യയെ അവരോധിച്ചത്. ഹനിയ കൊല്ലപ്പെട്ടശേഷം ഹമാസിന്റെ നിയന്ത്രണം സിൻവറിനായിരുന്നു.

ഗാസയിലെ ഇസ്രയേൽ ആക്രമണങ്ങളിൽ ഇതുവരെ 42,438 പലസ്തീൻകാർ കൊല്ലപ്പെട്ടു. 99,246 പേർക്കു പരുക്കേറ്റിട്ടുണ്ട്. യഹ്യയുടെ മരണത്തോടെ ഗാസ സംഘര്‍ഷത്തിന് അയവുണ്ടാകുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top