ഹമാസ് തലവന്റെ മരണം തലയ്ക്ക് വെടിയേറ്റ്; യഹ്യ സിന്‍വറിന്റെ വിരലുകള്‍ ഇസ്രയേല്‍ മുറിച്ചുമാറ്റി

റാഫയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഹമാസ് തലവന്‍ യഹ്യ സിന്‍വര്‍ കൊല്ലപ്പെട്ടത് വെടിയേറ്റ് ആണെന്ന വിവരം പുറത്തുവന്നു. തലയില്‍ ഏറ്റ വെടിയുണ്ടയാണ് സിന്‍വറിന്റെ മരണത്തിന് കാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ യഹ്യ താമസിച്ച കെട്ടിടം തകര്‍ന്നിരുന്നു. ഇതില്‍ പരുക്കേറ്റാണോ യാഹ്യയുടെ മരണം എന്ന സംശയം ഉയര്‍ന്നിരുന്നു. പോസ്റ്റുമോര്‍ട്ടം ചെയ്ത ചീഫ് പാത്തോളജിസ്റ്റ് ഡോ.ചെന്‍ കുഗേനാണ് വെടിയേറ്റ് ആണ് യാഹ്യയുടെ മരണം എന്ന വിവരം വെളിപ്പെടുത്തിയത്
കൊല്ലപ്പെട്ടത് യഹ്യ ആണെന്ന് ഉറപ്പുവരുത്താന്‍ മൃതദേഹത്തില്‍ നിന്നും വിരലുകള്‍ ഇസ്രയേല്‍ സൈനികര്‍ മുറിച്ച് മാറ്റി. ഡിഎന്‍എ പരിശോധന നടത്താന്‍ വേണ്ടിയാണ് ഇത് ചെയ്തത്. രണ്ട് പതിറ്റാണ്ടോളം സിന്‍വര്‍ ഇസ്രയേല്‍ ജയിലായിരുന്നു. 2011ലാണ് മോചിതനായത്. ഈ സമയത്ത് ഡിഎന്‍എ സാമ്പിള്‍ ശേഖരിച്ചിരുന്നു. ഇതുമായി ഒത്തുനോക്കാനാണ് വിരലുകള്‍ മുറിച്ച് ശേഖരിച്ചത്.
യഹ്യ ഉണ്ടെന്ന സംശയത്താല്‍ ഇസ്രയേല്‍ കരസേന റാഫയില്‍ തമ്പടിച്ചിരുന്നു. ഇവര്‍ നടത്തിയ ആക്രമണത്തിലാണ് യഹ്യ താമസിച്ച കെട്ടിടം തകര്‍ന്നത്. ഡ്രോണ്‍ ആക്രമണ രംഗം പകര്‍ത്തുമ്പോള്‍ ഡ്രോണിനെ ആക്രമിക്കാന്‍ യഹ്യ ശ്രമം നടത്തുന്ന വീഡിയോ ഇസ്രയേല്‍ പുറത്തുവിട്ടിരുന്നു.
യഹ്യയുടെ മരണത്തോടെ ഗാസ സംഘര്‍ഷത്തിന് അവസാനമാകുമെന്ന് സൂചനയില്ല. ഇസ്രയേല്‍ ബന്ദികളെ ഇതുവരെ ഹമാസ് വിട്ടുനല്‍കിയിട്ടില്ല. യഹ്യയുടെ മരണത്തോടെ ഈ ബന്ദികള്‍ക്ക് എന്ത് സംഭവിക്കും എന്ന കാര്യത്തില്‍ ഒരു പിടിയുമില്ല. ബന്ദികളെ വിട്ടുതരാതെ ഇസ്രയേല്‍ ആക്രമണം അവസാനിപ്പിക്കാന്‍ സാധ്യതയില്ല. ഹമാസ് നേതൃനിര ഒന്നാകെ മരണത്തിന് കീഴടങ്ങിയതോടെ ഇവരുടെ അടുത്ത നീക്കം എന്തെന്ന കാര്യത്തില്‍ വ്യക്തതയില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here