45 വർഷത്തിലെ ഏറ്റവും ഉയർന്ന ജലനിരപ്പില്‍ യമുന; ഡല്‍ഹിയില്‍ അടിയന്തര യോഗം
ന്യൂഡൽഹി: യമുന നദിയിലെ ജലനിരപ്പ് 45 വർഷത്തിനുശേഷം ഏറ്റവും ഉയർന്ന നിലയിൽ. 1978ൽ രേഖപ്പെടുത്തിയ 207.49 മീറ്ററെന്ന സർവ്വകാല റെക്കോർഡ് മറികടന്ന് നിലവില്‍ 207.55 മീറ്ററിന് മുകളിലാണ് നദിയിലെ ഒഴുകുകയാണെന്ന് സെൻട്രൽ വാട്ടർ കമ്മീഷൻ അറിയിച്ചു. നദീതീരത്തെ കെട്ടിടങ്ങളും വെള്ളത്തിനടിയിലായതോടെ പ്രളയഭീതിയിലാണ് ഡല്‍ഹി. പലഭാഗങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
ജലനിരപ്പ് ഉയരുന്നത് സാഹചര്യം ചർച്ചചെയ്യാന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അടിയന്തര യോഗം വിളിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ബന്ധപ്പെട്ട എല്ലാ വകുപ്പുകളിലെയും മുതിർന്ന ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചുകൊണ്ട് ഡൽഹി സെക്രട്ടേറിയറ്റിലാണ് യോഗം.
കഴിഞ്ഞ മൂന്ന് ദിവസമായി യമുനയിലെ ജലനിരപ്പിൽ ദ്രുതഗതിയിലുള്ള വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഞായറാഴ്ച രാവിലെ 11 മണിക്ക് 203.14 മീറ്ററിൽ നിന്ന് തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് 205.4 ലേക്ക് ജലനിരപ്പ് ഉയർന്നു, പ്രതീക്ഷിച്ചതിലും 18 മണിക്കൂർ മുന്‍പ് ജലനിരപ്പ് 205.33 മീറ്ററർ അപകട രേഖ മറികടന്നു.
അതേസമയം, ഏത് സാഹചര്യവും നേരിടാൻ സർക്കാർ പൂർണ സജ്ജമാണെന്ന് ഡൽഹി മന്ത്രി അതിഷി അറിയിച്ചു. നദിക്ക് സമീപമുള്ളവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കെട്ടിടങ്ങളിലേക്ക് വെള്ളം കയറുന്നത് തടയാന്‍ താത്കാലിക കനാലുകള്‍ സ്ഥാപിക്കുന്നുണ്ട്. സ്ഥിതിഗതികള്‍ സർക്കാർ തുടർച്ചയായി നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ രണ്ട് ദിവസമായി ഡൽഹിയിൽ മഴ പെയ്യുന്നില്ലെങ്കിലും യമുനയിലെ ജലനിരപ്പ് ഉയരുകയാണ്. ഹത്നികുണ്ഡ് അണക്കെട്ടില്‍ നിന്ന് ഹരിയാന വൻതോതിൽ വെള്ളം തുറന്നുവിടുന്നതാണ് ഇതിന് കാരണമെന്നാണ് കണക്കാക്കപ്പെടുന്നത്. അതിനാൽ കേന്ദ്രം അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here