‘തോല്‍വി യമുനയുടെ ശാപം’; രാജിക്കത്ത് നല്‍കാന്‍ എത്തിയ അതിഷിയോട് ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണർ പറഞ്ഞത്

തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് അതിഷി. രാജിക്കത്ത് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വികെ സക്സേനയ്ക്ക കൈമാറി. രാജി നല്‍കാനായി എത്തിയപ്പോഴാണ് ആം ആദ്മി പാര്‍ട്ടിയുടെ പരാജയത്തിന് കാരണം യമുനയുടെ ശാപമാണെന്ന് ലെഫ്റ്റനന്റ് ഗവര്‍ണര്‍ പറഞ്ഞത്.

പൊതുജനങ്ങളുടെ ആശങ്കകളെ എഎപി സര്‍ക്കാര്‍ അവഗണിച്ചു. ശുചിത്വത്തിന് പ്രധാന്യം നല്‍കിയില്ല. ഇതെല്ലാമാണ് തിരിച്ചടിയായത്. യമുനാ നദിയുടെ ശുചൂകരണം താന്‍ തന്നെ ഡല്‍ഹി സര്‍ക്കാരിന് മുന്നില്‍ ഉന്നയിച്ചതാണ്. പലതവണ മുന്നറിയിപ്പ് നല്‍കിയതാണ്. എന്നാല്‍ അവഗണിച്ചു. അതാണ് ജനങ്ങള്‍ ആം ആദ്മി പാര്‍ട്ടിയെ തിരസ്‌കരിച്ചതെന്നും ലെഫ്റ്റനന്റ് ഗവര്‍ണര്‍ പറഞ്ഞതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

തിരഞ്ഞെടുപ്പ് പ്രചരണ സമയത്തും യമുന നദിയുടെ ശുചിത്വ വിഷയം ഉയർന്നിരുന്നു. ബിജെപി ഭരിക്കുന്ന ഹരിയാന സര്‍ക്കാര്‍ യമുനയില്‍ വിഷം കലര്‍ത്തുകയാണെന്ന അരവിന്ദ് കേജ്‌രിവാളിന്റെ പ്രസ്താവനയും വലിയ വിവാദമായി.

70ല്‍ 48 സീറ്റ് പിടിച്ച് ആധികാരികമായാണ് ബിജെപി 27 വര്‍ഷങ്ങള്‍ക്ക് ശേഷം ഡല്‍ഹിയില്‍ അധികാരം പിടിച്ചത്. ബിജെപിയുടെ കുതിപ്പില്‍ അരവിന്ദ് കേജ്‌രിവാള്‍, മനീഷ് സിസോദിയ അടക്കമുള്ള പ്രധാന എഎപി നേതാക്കള്‍ പരാജയപ്പെട്ടിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top