യതീഷ് ചന്ദ്ര തിരുമ്പിവന്തിട്ടേൻ!! വീണ്ടും കണ്ണൂരിലേക്ക്; എവിടെയായിരുന്നു ഇതുവരെ? സോഷ്യൽ മീഡിയ ചോദിക്കുന്നു

കേരളത്തിൻ്റെ സമീപകാല ചരിത്രത്തിലെങ്ങും ഒരു രാഷ്ട്രീയ പാർട്ടിയുടെ ഓഫീസിൽ പോലീസ് കയറിയിട്ടുണ്ടാകില്ല. അക്രമം കാണിച്ചിട്ട് പോലും പാർട്ടി ഓഫീസിൽ ഒളിക്കാമെന്ന് അണികൾ കരുതുന്ന വിധത്തിൽ ‘രാഷ്ട്രീയ പ്രബുദ്ധമായ’ സാമൂഹ്യ സാഹചര്യത്തിലാണ് യതീഷ് ചന്ദ്ര എന്ന ജൂനിയർ ഐപിഎസ് ഉദ്യോഗസ്ഥൻ അങ്കമാലിയിലെ സിപിഎം ഓഫീസിൽ കയറി പ്രവർത്തകരെ അടിച്ചൊതുക്കിയത്. 2015 മാർച്ച് 14ന് നടന്ന ഹർത്താലിൻ്റെ പ്രകടനത്തിനിടെ പോലീസുകാരെ ആക്രമിക്കാൻ ആരോ മുതിർന്നതാണ് പ്രകോപനമായത്. സോഷ്യൽ മീഡിയ സജീവമായിട്ടില്ലെങ്കിലും, ‘പോലീസുകാരെ അടിക്കുന്നോടാ’ എന്ന യതീഷിൻ്റെ ആക്രോശം പറ്റുന്ന വഴികളിലെല്ലാം ഷെയർചെയ്ത് കണ്ടു മലയാളികൾ.

അന്ന് ഡിജിപിയായിരുന്ന കെഎസ് ബാലസുബ്രഹ്മണ്യൻ വിളിച്ചുവരുത്തി താക്കീത് ചെയ്തെങ്കിലും പിന്നീടും ‘മൊട കണ്ടാൽ ഇടപെടും’ എന്ന മട്ടിൽ വിവാദങ്ങളുടെ തോഴനായി തുടർന്നു യതീഷ്. 2018ലെ ശബരിമല സമരകാലത്ത് സ്വകാര്യ വാഹനങ്ങൾ നിലയ്ക്കലിൽ തടഞ്ഞിടുന്ന പോലീസ് നടപടിക്ക് വഴങ്ങാതിരുന്ന കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനെ വരച്ചവരയിൽ നിർത്തി. പ്രശ്നങ്ങളൊന്നും ഉണ്ടാക്കാതെ മടങ്ങിക്കൊള്ളാമെന്ന് ഉറപ്പ് എഴുതിവാങ്ങിയേ, സംഘപരിവാർ നേതാവ് കെപി ശശികലയെയും യതീഷ് ശബബിമലയിലേക്ക് കടത്തിവിട്ടുള്ളൂ. ഇവയുടെയെല്ലാം തത്സമയ ദൃശ്യങ്ങൾ പുറത്തുവന്നതും പ്രചരിച്ചതും യതീഷിൻ്റെ ജനപ്രീതിയുടെ ഗ്രാഫുയർത്തി.

കണ്ണൂരിൽ കോവിഡ് ലോക്ക്ഡൌൺ ലംഘിച്ചവരെ പൊതുവഴിയിൽ ഏത്തമിടീച്ചത്, കൊച്ചിയിൽ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം തടയാൻ നിന്ന പുതുവൈപ്പിൻ സമരക്കാരെ ലാത്തിച്ചാർജ് ചെയ്തത് തുടങ്ങി യതീഷ് വില്ലൻസ്ഥാനത്ത് വന്ന ഒട്ടേറെ സംഭവങ്ങളും ഉണ്ടായെങ്കിലും ഒരിക്കലും ശൈലിമാറ്റിയിട്ടില്ല. ഇതിലെല്ലാം വിവിധ തലങ്ങളിൽ അന്വേഷണങ്ങൾ ഉണ്ടായെങ്കിലും എല്ലാത്തിൽ നിന്നും പുഷ്പം പോലെ ഊരിവരാനും വല്ലാത്തൊരു മെയ് വഴക്കം നേടിയിട്ടുണ്ട് ഈ കർണാടകക്കാരൻ.

കർണാടക ദാവൻഗരെയിൽ നിന്നുള്ള എൻജിനീയറിങ് ബിരുദക്കാരൻ സിവിൽ സർവീസിലെത്തിയത് യാദൃഛികമായിട്ടാണ്. കേരള കേഡറിൽ എത്തിയ ശേഷം ആദ്യം ജോലി ചെയ്തത് കണ്ണൂർ എഎസ്പിയായി. പിന്നീട് കണ്ണൂർ എസ്പി, കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മിഷണർ, തൃശൂർ കമ്മിഷണർ തുടങ്ങിയ പദവികളൊക്കെ വഹിച്ച ശേഷം ഇടക്കാലത്ത് കാണാതായി. പിന്നെ പൊങ്ങിയത് ബംഗളൂരു സിറ്റി പോലീസിൽ അഴിമതി വിരുദ്ധവിഭാഗം എസ്പിയായി. ഡെപ്യൂട്ടേഷൻ അവസാനിച്ച് ഏതാനും മാസം മുമ്പ് തിരിച്ചെത്തിയെങ്കിലും അവധിയിലായിരുന്നു. ഐപിഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റ പട്ടിക ഇന്നലെ പുറത്തിറങ്ങിയതിലാണ് ഡിഐജിയായുള്ള പ്രമോഷനും കണ്ണൂരിലേക്കുള്ള നിയമനവും ഉറപ്പിച്ചത്.

തൃശൂർ പൂരം അലങ്കോലമാക്കിയെന്ന പേരിൽ അടുത്തയിടെ പോലീസ് പ്രതിക്കൂട്ടിലായ വൻ വിവാദത്തിനിടെയും യതീഷ് ചന്ദ്ര സോഷ്യൽ മീഡിയയിൽ നിറഞ്ഞോടി. തൃശൂർ കമ്മിഷണറായിരിക്കെ പൂരപ്രേമികൾക്കൊപ്പം ഫോട്ടോക്ക് നിൽക്കുന്നതിൻ്റെ അടക്കം ചിത്രങ്ങളാണ്, പോലീസ് ഇങ്ങനെയാവണമെടാ, എന്ന അടിക്കുറിപ്പുകളുമായി പ്രചരിച്ചത്. ഉദ്യോഗസ്ഥർക്കായി പ്രധാനമന്ത്രി തുടങ്ങിവച്ച ഫിറ്റ്നെസ് ചലഞ്ച് ഏറ്റെടുത്ത് യതീഷ് പുറത്തുവിട്ട വർക്കൌട്ട് വീഡിയോയും വൈറലായിരുന്നു. ചുരുക്കം പറഞ്ഞാൽ മലയാളികൾ സോഷ്യൽ മീഡിയയിൽ ഇത്രയധികം ആഘോഷിക്കുന്ന മറ്റൊരു ഉദ്യോഗസ്ഥൻ തൽക്കാലം വേറെയില്ല.


കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here