നിമിഷപ്രിയയുടെ ഹർജി തള്ളി യെമൻ സുപ്രീംകോടതി; ഇനി തീരുമാനം യെമൻ പ്രസിഡന്റിന്റേത്

ഡൽഹി: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിലെ വധശിക്ഷക്കെതിരെ പാലക്കാട് സ്വദേശി നിമിഷപ്രിയ നൽകിയ ഹർജി യെമൻ സുപ്രീം കോടതി തള്ളി. കേന്ദ്ര സർക്കാർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചതാണ് ഇക്കാര്യം. ശിക്ഷ ഇളവ് ചെയ്യാൻ ഇനി യെമൻ പ്രസിഡന്റിന് മാത്രമേ കഴിയു എന്നും സർക്കാർ കോടതിയെ അറിയിച്ചു.
നിമിഷപ്രിയയുടെ മോചനത്തിനായുള്ള ചർച്ചകൾക്കായി യെമനിലേക്ക് പോകാൻ സഹായം അഭ്യർത്ഥിച്ച് നിമിഷപ്രിയയുടെ അമ്മ നൽകിയ ഹർജി പരിഗണിക്കവെയാണ് കേന്ദ്ര സർക്കാർ ഇക്കാര്യം അറിയിച്ചത്. അപേക്ഷയിൽ ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കാനും കോടതി സർക്കാരിനോട് നിർദേശിച്ചു. വധശിക്ഷയ്‌ക്കെതിരെ നിമിഷപ്രിയ നൽകിയ ഹർജി തിങ്കളാഴ്ചയാണ് യെമൻ സുപ്രീംകോടതി തള്ളിയതെന്നാണ് തങ്ങൾക്ക് ലഭിച്ച വിവരമെന്നും നിമിഷപ്രിയയുടെ അമ്മ സ്വന്തം ഉത്തരവാദിത്തത്തിൽ യെമനിൽ പോകുന്നതിൽ എതിർപ്പില്ലെന്നും കേന്ദ്രം കോടതിയിൽ വാക്കാൽ അറിയിച്ചു.
2017 ജൂലൈ 25നാണ് യെമൻ പൗരനായ തലാൽ അബ്ദുമഹ്ദിയെ കൊല്ലപ്പെട്ടത്. നഴ്‌സായിരുന്ന നിമിഷയ്ക്ക് സ്വന്തമായി ക്ലിനിക്ക് തുടങ്ങാൻ തലാൽ സഹായം വാഗ്ദാനം ചെയ്തു. പിന്നീട് പാസ്പോർട്ട് പിടിച്ചുവക്കുകയും ഭാര്യയാക്കാൻ ശ്രമിക്കുകയും ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കുകയും ചെയ്‌തെന്ന് നിമിഷയുടെ അഭിഭാഷകൻ കോടതയിൽ പറഞ്ഞു. സഹപ്രവർത്തകരായ രണ്ടുപേരുടെ നിർദേശപ്രകാരം അമിത ഡോസ് മരുന്ന് കുത്തിവച്ചാണ് കൊലപ്പെടുത്തിയത്. ക്ലിനിക്കിൽ ജോലി ചെയ്തിരുന്ന യെമൻ സ്വദേശിയായ ഹനാൻ എന്ന യുവാവും കേസിൽ അറസ്റ്റിലായിട്ടുണ്ട്. വധശിക്ഷക്ക് വിധിച്ചതോടെ സനായിലെ ജയിലിൽ കഴിയുകയാണ് നിമിഷപ്രിയ.
കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ബ്ലഡ് മണി അഥവാ ദയാധനം സ്വീകരിക്കാൻ തയാറായാൽ ശിക്ഷ ഇളവ് ചെയ്യാൻ സാധ്യതയുണ്ട്. 50 ദശലക്ഷം യെമൻ റിയാൽ(ഏകദേശം 1.5 കോടി രൂപ ) ആണ് ദയാധനമായി നൽകേണ്ടത്. ഈ സാഹചര്യത്തിലാണ് നിമിഷപ്രിയയുടെ അമ്മ യെമനിൽ പോകാൻ അനുമതി ആവശ്യപ്പെട്ടത്.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അവസാനമായി ആശുപത്രിയിൽ സന്ദർശിക്കാൻ എത്തിയപ്പോൾ നിമിഷപ്രിയയുടെ കാര്യമാണ് അദ്ദേഹം ചോദിച്ചതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ മുൻപ് പറഞ്ഞിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here