യോഗിയുടെ ‘ദൈവ നീതിയിൽ’ വിവാദം; ഔറംഗസേബിൻ്റെ പിൻമുറക്കാർ റിക്ഷ വലിക്കുന്നതിൻ്റെ കാരണമിതെന്നും അവകാശവാദം
മുഗൾ ചക്രവർത്തി ഔറംഗസേബിനെയും അദ്ദേഹത്തിൻ്റെ വംശപരമ്പരയെയും കുറച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ പരാമർശങ്ങൾ വിവാദത്തിലേക്ക്. ഔറംഗസേബിൻ്റെ പിൻഗാമികൾ കൊൽക്കത്തയിൽ റിക്ഷാ വലിച്ചാണ് ഉപജീവനം നടത്തുന്നതെന്നാണ് യോഗിയുടെ അവകാശവാദം. ‘ചരിത്രത്തിന്‍റെ ദൈവിക നീതി’ എന്നാണ് അതിനെ യുപി മുഖ്യമന്ത്രി വിശേഷിപ്പിച്ചിരിക്കുന്നത്.
ഔറംഗ്സേബ് ദൈവീകതയെ അംഗീകരിച്ചിരുന്നില്ല. ഹിന്ദു ക്ഷേത്രങ്ങൾക്കും മറ്റ് ആരാധനാലയങ്ങൾക്കും എതിരെ വിധ്വംസക പ്രവർത്തനങ്ങളിൽ അദ്ദേഹം ഏര്‍പ്പെട്ടു. അതാണ് പിൻഗാമികൾക്ക് ഇങ്ങനെ ഒരവസ്ഥ ഉണ്ടാകാന്‍ കാരണമെന്നും യോഗി പറഞ്ഞു. ബംഗ്ലാദേശ്, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ ഹിന്ദുക്കൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങളിലും യുപി മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചു. എല്ലാ മതങ്ങളെയും ഉൾക്കൊള്ളുന്ന സനാതന മൂല്യങ്ങൾ സംരക്ഷിക്കാൻ അദ്ദേഹം അവിടെയുളളവരോട് ആഹ്വാനം ചെയ്തു.
കാശി, അയോധ്യ, സംഭാൽ ഭോജ്പൂർ തുടങ്ങിയ പ്രധാന സ്ഥലങ്ങളിലെ ഹിന്ദു ക്ഷേത്രങ്ങൾ നശിപ്പിക്കപ്പെട്ടതായും യോഗി ആരോപിച്ചു. നൂറ്റാണ്ടുകളായി ഹിന്ദു ക്ഷേത്രങ്ങളുടെ നാശം ലക്ഷ്യമിട്ടുകൊണ്ടുള്ള നീക്കങ്ങൾ നടക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here