ജീവന്‍വെടിഞ്ഞ വീര സൈനികരുടേയും മതം തിരയും യോഗി സര്‍ക്കാര്‍!! ധീരദേശാഭിമാനി അബ്ദുള്‍ ഹമീദിന്റെ പേരിട്ട സ്‌കൂളിന് വെട്ട്

എല്ലാവര്‍ക്കും തുല്യനീതി, എല്ലാവരോടും സമഭാവന എന്നൊക്കെ വീമ്പിളക്കുന്ന ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ അപരമത വിരോധത്തിന്റെ പുതിയ തെളിവ് കാണുക. രാജ്യത്തിന് വേണ്ടി പോരാടി ജീവന്‍ നഷ്ടമായ വീര സൈനികനോടു പോലും മതവിദ്വേഷം കാട്ടുന്ന വിധത്തിലേക്ക് നീങ്ങുന്ന ഭരണകൂടത്തില്‍ നിന്ന് തുല്യനീതി പ്രതീക്ഷിക്കാനാവുമോ?

1965ലെ ഇന്‍ഡോ- പാക് യുദ്ധത്തില്‍ പാകിസ്ഥാന്റെ എട്ടു ടാങ്കുകള്‍ തകര്‍ത്ത യുദ്ധവീരനായ അബ്ദുള്‍ ഹമീദിന്റെ പേരില്‍ ഗാസിപൂര്‍ ജില്ലയിലെ ധാംപൂരിലുള്ള സ്‌കൂളിന്റെ പേര് പുനര്‍ നാമകരണം ചെയ്തു. അമര്‍ ശഹീദ് അബ്ദുള്‍ ഹമീദ് വിദ്യാലയ എന്ന പേര് മാറ്റി പിഎംശ്രീ കോമ്പസിറ്റ് വിദ്യാലയ എന്ന് പുതിയ പേരിട്ട് മാതൃക കാണിച്ചു യോഗി സര്‍ക്കാര്‍.

പേര് മാറാനിടയായ സാഹചര്യത്തെക്കുറിച്ച് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പറഞ്ഞ ന്യായീകരണം ആണ് ഏറെ വിചിത്രം. അമര്‍ ശഹീദ് അബ്ദുള്‍ ഹമീദ് എന്ന്
പേരിട്ടതിൻ്റെ രേഖകളൊന്നും കണ്ടെത്താന്‍ കഴിയാത്തതു കൊണ്ട് പേരങ്ങ് മാറ്റി എന്നാണ് ജില്ലാ ഓഫീസര്‍ പറയുന്നത്. 2019ല്‍ തന്നെ പിഎംശ്രീ കോമ്പസിറ്റ് വിദ്യാലയ എന്ന് പേരിട്ടു എന്നാണ് ഔദ്യോഗിക ഭാഷ്യം. പേര് മാറ്റാൻ നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് വിദ്യാഭ്യാസ വകുപ്പ് ഈ തീരുമാനം എടുത്തതെന്ന് അദ്ദേഹം പറയുന്നു.

ഈയടുത്ത കാലം വരെ അബ്ദുള്‍ ഹമീദിന്റ പേരിലാണ് സ്‌കൂള്‍ അറിയപ്പെട്ടതെന്ന് അദ്ദേഹത്തിന്റെ കൊച്ചു മകന്‍ ജമീല്‍ ആലം പറഞ്ഞു. കഴിഞ്ഞ ആഴ്ച വരെ മുത്തച്ഛന്റെ പേരിലാണ് അറിയപ്പെട്ടത്. അദ്ദേഹം അഞ്ചാം ക്ലാസ് വരെ ഇവിടെയാണ് പഠിച്ചത്. പക്ഷേ, നാട്ടിലെ എല്ലാവരേയും അമ്പരപ്പിച്ചു കൊണ്ടാണ് കഴിഞ്ഞ ആഴ്ച സ്‌കൂളിന് മുന്നില്‍ പുതിയ ബോര്‍ഡ് പ്രത്യക്ഷപ്പെട്ടതെന്ന് ആലം പറഞ്ഞു. വിദ്യാഭ്യാസ വകുപ്പിന്റെ തലതിരിഞ്ഞ നിലപാടിനെതിരെ പ്രതിഷേധവുമായി ആലവും കുടുംബാംഗങ്ങളും രംഗത്തിറങ്ങിയിട്ടുണ്ട്.

ധാംപൂരില്‍ 1933 ജൂലൈ ഒന്നിന് ജനിച്ച അബ്ദുള്‍ ഹമീദ് 1954 ഡിസംബറിലാണ് ആര്‍മിയില്‍ ചേരുന്നത്. 1965 ലെ ഇന്‍ഡോ- പാക് യുദ്ധത്തില്‍ എട്ട് ടാങ്കുകള്‍ ഒറ്റയ്ക്ക് നശിപ്പിച്ച ഈ ധീരന്‍, ഒമ്പതാമത്തെ ടാങ്ക് തകര്‍ക്കുന്നതിനിടയില്‍ വീരമൃത്യൂ വരിച്ചു. മരണാനന്തരം രാജ്യത്തെ പരമോന്നത സൈനിക ബഹുമതിയായ പരംവീര്‍ ചക്ര നല്‍കി രാജ്യം ആദരിച്ചു.

ധീരദേശാഭിമാനിയോടുള്ള യോഗി സര്‍ക്കാരിന്റെ നിലപാടിനെതിരെ സൈന്യത്തില്‍ നിന്ന് വിരമിച്ച സന്ദീപ് താക്കൂര്‍ എക്‌സില്‍ (ട്വിറ്റര്‍) കുറിച്ചത് ഇങ്ങനെയാണ് – ‘രാജ്യം ആദരിച്ച രക്തസാക്ഷികളെ നമ്മളിനി ഹിന്ദുവെന്നും മുസ്ലിമെന്നും വേര്‍തിരിക്കും. അത് പരമോന്നത സൈനിക ബഹുമതി നേടിയവരാണെങ്കിലും മതാടിസ്ഥാനത്തിലാവും നോക്കുന്നത്. ഈ തീരുമാനം എടുത്തവരെക്കുറിച്ച് ലജ്ജ തോന്നുന്നു.’

യു പി സര്‍ക്കാരിന്റെ നടപടിക്കെതിരെ കോണ്‍ഗ്രസും പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top