ഓരോ മൃതദേഹവും ഓരോ ഗുരു; ശരീരദാനത്തില്‍ യെച്ചൂരിയുടെ മുന്‍ മാതൃകകള്‍; നിങ്ങള്‍ക്കും അവരില്‍ ഒരാളാകാം

സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ അമ്മ കൽപ്പകം യെച്ചൂരിയുടെ മൃതദേഹവും അവരുടെ ആഗ്രഹപ്രകാരം എയിംസിന് 2021ൽ കൈമാറിയിരുന്നു. ഇന്ന് വൈകുന്നേരം യെച്ചൂരിയുടെ ഭൗതിക ശരീരം വൈദ്യശാസ്ത്ര പഠനത്തിനായി ആശുപത്രി അധികൃതരെ ഏല്പിക്കും.

രാജ്യത്തെ പല പ്രമുഖ നേതാക്കളും അവരുടെ ദേഹം പഠനാവശ്യത്തിനായി നൽകിയിട്ടുണ്ട്. ബംഗാൾ മുൻ മുഖ്യമന്ത്രിമാരായ ജ്യോതി ബസു, ബുദ്ധദേവ് ഭട്ടാചാര്യ, ലോക്സഭ മുൻ സ്പീക്കർ സോമനാഥ് ചാറ്റർജി, ജനതാ പാര്‍ട്ടി നേതാവും മുന്‍ റയില്‍വേ മന്ത്രിയുമായ മധു ദന്തവതെ, ജനസംഘം നേതാവ് നാനാജി ദേശ്മുഖ്, മുൻ അഡ്വക്കേറ്റ് ജനറൽ കെ.പി.ദണ്ഡപാണി, ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിഡൻ്റ് ഡോ. എ അച്യുതന്‍, വനിതാ കമ്മിഷൻ മുൻ ചെയർപേഴ്സൺ ജോസഫൈൻ
തുടങ്ങിയവരാണ് ശരീരം മെഡിക്കൽ കോളജുകൾക്ക് നല്കിയ മുന്‍ മാതൃകകള്‍. അധികമൊന്നും അറിയപ്പെടാത്ത നിരവധി പേർ അവരുടെ ശരീരങ്ങൾ മെഡിക്കൽ കോളജുകൾക്ക് നൽകാറുണ്ട്.

1980 സെപ്റ്റംബർ 28നാണ് കേരളത്തിൽ ആദ്യമായി ശരീരദാനം നടന്നത്. കോഴിക്കോട് ഇരിങ്ങൽ സ്വദേശിയും മാഹി ഗവ.ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനുമായ ഇരിങ്ങൽ കൃഷ്ണൻ തന്റെ അമ്മ കെ. കല്യാണിയുടെ ശരീരം കോഴിക്കോട് മെഡിക്കൽ കോളേജിന് വിട്ടുനൽകി. തുടർന്നുള്ള ശരീര, അവയവദാനങ്ങൾക്കു ഈ മാതൃക പ്രചോദനമായി. രാജ്യത്ത് ഏറ്റവും കൂടുതൽ ദേഹദാനം നടക്കുന്നത് കേരളത്തിലാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ഓരോ മൃതദേഹവും ഓരോ ഗുരുവെന്നാണ് പ്രമുഖ വൈദ്യശാസ്ത്രജ്ഞര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വൈദ്യശാസ്ത്ര പഠനത്തിനായി വരുന്ന കുട്ടികൾ ഈ ശരീര (കഡാവർ ) ഭാഗങ്ങൾ കണ്ടും തൊട്ടും കീറിയുമൊക്കെയാണ് മനുഷ്യ ശരീരത്തെ ക്കുറിച്ച് പഠിക്കുന്നത്. വൈദ്യശാസ്ത്ര പഠനത്തിന് കഡാവറുകൾ അനിവാര്യവും അത്യന്താപേക്ഷിതവുമാണ്.

പഠനാവശ്യത്തിനായി ശരീരം നൽകുന്നതിനുള്ള നടപടി ക്രമങ്ങൾ

ജീവിച്ചിരിക്കുമ്പോഴേ തൻ്റെ ഭൗതിക ശരീരം പഠിക്കാൻ മെഡിക്കൽ വിദ്യാർത്ഥികൾക്ക് നൽകണമെന്ന കാര്യം ബന്ധുമിത്രാദികളുമായി പങ്കുവയ്ക്കുക. അതിനുള്ള ആഗ്രഹവും സമ്മതവും വേണ്ടപ്പെട്ടവരെ വിശദമായി അറിയിക്കുക. പെട്ടെന്നുള്ള മരണം ആർക്കും സംഭവിക്കാം. അങ്ങനെയാണെങ്കിൽ നിങ്ങളുടെ ബന്ധുക്കൾക്ക് താല്പര്യമുണ്ടെങ്കിൽ അടുത്തുള്ള മെഡിക്കൽ കോളജിനെ രേഖാമൂലം വിവരമറിയിച്ചാൽ മൃതദേഹം കൈമാറാവുന്നതാണ്. ഇതല്ലാതെ മറ്റൊരു രീതിയിലും ശരീരം കൈമാറാനുള്ള നടപടിക്രമങ്ങളുണ്ട്.

മൃതദേഹം ദാനം ചെയ്യുവാൻ തത്പര്യമുള്ളവർ നിർദ്ദിഷ്ട ഫോറത്തിലുള്ള സമ്മതപത്രം 100 രൂപയുടെ മുദ്രപത്രത്തിൽ രേഖപ്പെടുത്തി സാക്ഷ്യപ്പെടുത്തി മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്‌ നൽകിയാൽ മതി. ദാതാവിന്റെ അനന്തരാവകാശികളായ ഉറ്റബന്ധുക്കളുടെ സമ്മതം നിർബന്ധമായും ഉണ്ടായിരിക്കണം. രണ്ട് സാക്ഷികൾ പേര് സഹിതം ഒപ്പ് വെക്കണം. ബന്ധുക്കൾ ഇല്ലാത്ത പക്ഷം അക്കാര്യം വ്യക്തമാക്കിയിരിക്കണം. (ദാതാവിന്റെയും അടുത്ത ബന്ധുവിന്‍റെയും ഓരോ പാസ്പോർട്ട് സൈസ് ഫോട്ടോകളും, ദാതാവിന്റെ വിവരമടങ്ങിയ റേഷൻ കാർഡിന്റെ പകർപ്പ്, ആധാർ കാർഡിന്റെ പകർപ്പ് സഹിതം). മരണാനന്തരം മൃതശരീരദാന സമ്മതപത്രം ആശുപത്രിയിൽ നല്കിയാൽ മെഡിക്കൽ കോളേജ് ആശുപത്രി അധികാരികളിൽ നിന്ന് സ്വന്തം ഡയറിയിലോ പോക്കറ്റിലോ സൂക്ഷിക്കുന്നതിന്‌ ഒരു തിരിച്ചറിയൽ രേഖ നൽകുന്നതാണ്‌.

മരണാനന്തരം മൃതശരീരം സ്വന്തം ചിലവിൽ അതാത് മെഡിക്കൽ കോളേജിൽ എത്തിക്കേണ്ടതാണ്. കൂടുതൽ വൈകുകയാണെങ്കിൽ ഫ്രീസറിൽ സൂക്ഷിക്കുക. മരണാനന്തര ക്രിയകൾ ചെയ്യുകയാണെങ്കിൽ ആ വിധ എല്ലാ കർമ്മങ്ങൾക്കും ശേഷം മൃതശരീരം കൈമാറിയാലും മതി. മൃതശരീരം കൊണ്ടു പോകേണ്ട സമയം കൃത്യമായി അധികൃതരെ അറിയിക്കുക.

മെഡിക്കൽ വിദ്യാർത്ഥികളുടെ പഠനാവശ്യത്തിനുതകുന്ന മൃതദേഹങ്ങൾ അനാട്ടമി (ശരീര ശാസ്ത്ര വിഭാഗം) ഡിപ്പാർട്ടുമെന്റാണ് സ്വീകരിക്കുന്നത്. (എന്നാൽ പകർച്ചവ്യാധി പിടിപ്പെട്ടതും അഴുകി തുടങ്ങിയതും പോസ്റ്റുമോർട്ടം നടത്തിയതുമായവ സ്വീകരിക്കില്ല). മൃതദേഹം ദാനം ചെയ്യുവാൻ താത്പര്യമുള്ളവർ നിർദ്ദിഷ്ട ഫോറത്തിലുള്ള സമ്മതപത്രം താഴെ പറയുന്ന മെഡിക്കൽ കോളേജുകളിലെ ഫോൺ നമ്പറുകളിൽ അനാട്ടമി വിഭാഗത്തിലോ അതാത്‌ ആശുപത്രികളിലെ പ്രിൻസിപ്പാളിനോ അഡ്മിനിസ്ട്രേറ്റിവ്‌ ഓഫീസിലോ ബന്ധപ്പെടാവുന്നതാണ്‌. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, കോഴിക്കോട്, തൃശൂർ, പാലക്കാട് എന്നീ സർക്കാർ മെഡിക്കൽ കോളജുകളിൽ സമ്മതപത്രം നൽകാവുന്നതാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top