സ്റ്റേഷനില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവാവ് കുഴഞ്ഞുവീണ് മരിച്ചു; പോലീസ് മര്‍ദനമെന്ന് ബന്ധുക്കള്‍; ഹൃദ്രോഗിയെന്ന് പോലീസിന്‍റെ വാദം
മലപ്പുറം: മലപ്പുറം പാണ്ടിക്കാട് പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവാവ് കുഴഞ്ഞുവീണ് മരിച്ചു. പന്തല്ലൂർ കടമ്പോട് സ്വദേശി മൊയ്തീൻകുട്ടി (36) ആണ് മരിച്ചത്. കുഴഞ്ഞുവീണ യുവാവിനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോലീസ് മര്‍ദനത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. അതേസമയം മര്‍ദനം ഉണ്ടായിട്ടില്ലെന്നാണ് പോലീസിന്‍റെ വാദം.
ഞായറാഴ്ച രാത്രിയാണ് പന്തല്ലൂരിലെ ക്ഷേത്രത്തിലെ വേല നടന്നത്. ഇതിനിടെ നാട്ടുകാരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. സംഭവവുമായി ബന്ധപ്പെട്ടാണ് ഇന്നലെ പാണ്ടിക്കാട് സ്റ്റേഷനില്‍ എത്താന്‍ മൊയ്തീന്‍കുട്ടിക്ക് പോലീസ് നിര്‍ദ്ദേശം നല്‍കി. വാര്‍ഡ് കൗണ്‍സിലറായ ജോജോ മാത്യു അടക്കമുള്ളവരാണ് ഇയാള്‍ക്ക് ഒപ്പമുണ്ടായിരുന്നത്. സ്റ്റേഷനില്‍ എത്തിയപ്പോള്‍ നാട്ടുകാരോട് മാറി നില്‍ക്കാന്‍ പറഞ്ഞ് മൊയ്തീൻകുട്ടിയെ മാത്രം വിളിപ്പിച്ചതായി കൗണ്‍സിലര്‍ പറയുന്നു.
പോലീസ് ചോദ്യം ചെയ്യുമ്പോള്‍ മൊയ്തീന്‍കുട്ടിയെ മര്‍ദിച്ച ശബ്ദം കേട്ടുവെന്നാണ് വാര്‍ഡ് കൗണ്‍സിലര്‍ ജോജോ മാത്യു മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞത്. ‘ഇയാള്‍ക്ക് ഹൃദയസംബന്ധമായ പ്രശ്നവുമുണ്ട്. സ്റ്റേഷനില്‍ വെച്ച് കുഴഞ്ഞുവീണ മൊയ്തീന്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല’ ജോജോ മാത്യു പറഞ്ഞു.
എന്നാല്‍ യുവാവ് ഹൃദ്രോഗിയായിരുന്നെന്നും ഹൃദയാഘാതമാണ് മരണകാരണമെന്നും പോലീസ് പറയുന്നു. ‘ചോദ്യം ചെയ്യുന്നതിന് മുന്‍പ് തന്നെ യുവാവ് കുഴഞ്ഞു വീണു. ആശുപത്രിയില്‍ ചികിത്സയ്ക്കിടെയാണ് മരണം സംഭവിച്ചത്’ പാണ്ടിക്കാട് പോലീസ് പറഞ്ഞത് ഇങ്ങനെ. മൊയ്തീന്‍കുട്ടിയുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here