പോലീസ് സ്റ്റേഷനില്‍ മരിച്ച മൊയ്തീൻകുട്ടിയുടെ മൃതദേഹത്തില്‍ മര്‍ദനമേറ്റ പാടുകളെന്ന് ബന്ധുക്കള്‍; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
മലപ്പുറം: ചോദ്യം ചെയ്യാൻ വിളിപ്പിച്ച യുവാവ് പോലീസ് സ്റ്റേഷനിൽ കുഴഞ്ഞുവീണ സംഭവത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. മരണകാരണം ഹൃദയാഘാതം ആണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ക്ഷേത്ര ഉത്സവത്തിൽ നടന്ന സംഘർഷത്തെ തുടർന്നാണ് പന്തല്ലൂര്‍ കടമ്പോട് സ്വദേശി മൊയ്തീൻകുട്ടി അടക്കം ഏഴു പേരെ സ്റ്റേഷനിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. എന്നാൽ ചോദ്യം ചെയ്യുന്നതിനിടെ മൊയ്തീൻകുട്ടി കുഴഞ്ഞുവീണു. ആശുപത്രിയിൽ ചികിത്സയ്ക്കിടെ ഇന്നലെ പുലർച്ചെയാണ് മരണം സംഭവിച്ചത്. സംഭവത്തെത്തുടർന്ന് രണ്ട് സിവിൽ പോലീസ് ഉദ്യോഗസ്ഥരെ ഇന്നലെ സസ്‌പെൻഡ് ചെയ്തിരുന്നു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം കേസ് അന്വേഷിക്കുമെന്ന് ജില്ലാ പോലീസ് മേധാവി എസ്.ശശിധരന്‍ അറിയിച്ചു.
അതേസമയം പോലീസ് മര്‍ദനം തന്നെയാണ് മരണകാരണം എന്ന നിലപാടിലാണ് ബന്ധുക്കളും നാട്ടുകാരും. ഹൃദ്രോഗിയായ മൊയ്തീന്‍കുട്ടിയെ പോലീസുകാര്‍ കൈ കൊണ്ട് മര്‍ദിച്ചതായി വാര്‍ഡ് കൗണ്‍സിലര്‍ ജോജോ മാത്യു ആരോപിച്ചു. ഇന്‍ക്വസ്റ്റില്‍ മൃതദേഹത്തിന്‍റെ നെഞ്ചിലും ചെവിക്കു സമീപത്തും മര്‍ദനത്തിന്‍റെ പാടുകള്‍ കണ്ടതായി ജോജോ മാത്യു പറഞ്ഞു. എന്നാല്‍ മരണത്തിനു കാരണമായ മുറിവുകളോ ചതവുകളോ ഇല്ലെന്നന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന നിലപാടിലാണ് ബന്ധുക്കള്‍.
കഴിഞ്ഞ ദിവസമാണ് പാണ്ടിക്കാട് പോലീസ് സ്റ്റേഷനില്‍ മൊയ്തീൻകുട്ടിയെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. കൗണ്‍സിലറായ ജോജോ മാത്യു അടക്കമുള്ളവരാണ് ഇയാള്‍ക്ക് ഒപ്പമുണ്ടായിരുന്നത്. സ്റ്റേഷനില്‍ എത്തിയപ്പോള്‍ നാട്ടുകാരോട് മാറി നില്‍ക്കാന്‍ പറഞ്ഞ് മൊയ്തീൻകുട്ടിയെ മാത്രം വിളിപ്പിച്ചതായി കൗണ്‍സിലര്‍ പറയുന്നു. പോലീസ് ചോദ്യം ചെയ്യുമ്പോള്‍ മൊയ്തീന്‍കുട്ടിയെ മര്‍ദിച്ച ശബ്ദം കേട്ടതായും ജോജോ പറഞ്ഞു. അടികൊണ്ട് അവശനായിട്ടാണ് ഇയാള്‍ കുഴഞ്ഞുവീണതെന്നാണ് കൂടെ ഉണ്ടായിരുന്നവരുടെ ആരോപണം. നേരത്തെ ഹൃദയസംബന്ധമായ അസുഖമുള്ള ആളായിരുന്നു മരിച്ച മൊയ്തീന്‍കുട്ടി.
ഹൃദ്രോഗിയായ യുവാവ് ചോദ്യം ചെയ്യുന്നതിന് മുൻപ് തന്നെ കുഴഞ്ഞു വീണെന്നാണ് പോലീസിന്‍റെ വാദം. വിഷയം വിവാദമാകുമായും കോൺഗ്രസ് നേതാക്കൾ സ്റ്റേഷനിൽ പ്രതിഷേധം നടത്തുകയും ചെയ്തിരുന്നു. പെട്ടെന്ന് ഹൃദയാഘാതം സംഭവിക്കാന്‍ കാരണമായ സാഹചര്യങ്ങള്‍ അന്വേഷിക്കണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലം ലഭിക്കാനുമുണ്ട്.
പ്രവാസിയായ മൊയ്തീന്‍കുട്ടി രണ്ട് വര്‍ഷം മുന്‍പാണ് നാട്ടില്‍ എത്തിയത്. ഡ്രൈവര്‍ ആയി ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യയും രണ്ട് മക്കളുമുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here