ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രസവാനന്തര ചികിത്സയിലിരുന്ന യുവതി മരിച്ചു; ആശുപത്രിയില്‍ സംഘര്‍ഷം; മരണത്തില്‍ അന്വേഷണം നടത്താന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം

ആലപ്പുഴ: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് അണുബാധയേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതി മരിച്ചു. അമ്പലപ്പുഴ പുറക്കാട് സ്വദേശി ഷിബിന അന്‍സാര്‍ (31) ആണ് മരിച്ചത്. മരണത്തിന് പിന്നില്‍ ആശുപത്രി അധികൃതരുടെ അനാസ്ഥയെന്ന് പരാതി നല്‍കി ബന്ധുക്കള്‍ പ്രതിഷേധിക്കുകയും സംഘര്‍ഷം ഉണ്ടാകുകയും ചെയ്തു. ഇതിനുപിന്നാലെ സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു.

മാര്‍ച്ച് 26നാണ് ഷിബിന ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രസവിച്ചത്. പ്രസവശേഷം അണുബാധ ഉള്‍പ്പെടെ ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായെങ്കിലും ഡിസ്ചാര്‍ജ് ചെയ്തിരുന്നു. മാര്‍ച്ച് 30ന് ആരോഗ്യനില വഷളായാതോടെ വീണ്ടും മെഡിക്കല്‍ കോളജില്‍ അഡ്മിറ്റ്‌ ചെയ്തു. അണുബാധ ആന്തരിക അവയവങ്ങളെ ബാധിച്ചതോടെ ഷിബിനയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. അന്നുമുതല്‍ ചികിത്സയിലായിരുന്ന ഷിബിന ഇന്ന് ഉച്ചക്കാണ് മരിച്ചത്.

യുവതിയുടെ മരണത്തിന് പിന്നില്‍ ചികിത്സാ പിഴവെന്ന ബന്ധുക്കളുടെ ആരോപണം തള്ളിക്കൊണ്ട് ആശുപത്രി അധികൃതര്‍ രംഗത്തെത്തി. പ്രസവത്തിന് മുന്‍പ് തന്നെ ഷിബിനയ്ക്ക് അണുബാധ ഉണ്ടായിരുന്നതായും രണ്ട് തവണ ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നും മെഡിക്കല്‍ കോളജ് സൂപ്രണ്ട് പറഞ്ഞു.

കുടുംബത്തിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. യുവതിയുടെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ്‌ പോലീസിന്‍റെ തീരുമാനം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top