ഷഹാന ജീവനൊടുക്കിയതിന് പിന്നില്‍ സ്ത്രീധനപീഡനമെന്ന് ബന്ധുക്കള്‍; കുട്ടിയെ ബലമായി കൊണ്ടുപോയത് യുവതിയെ ഉലച്ചു; മര്‍ദ്ദന ദൃശ്യങ്ങളും പുറത്ത്
തിരുവനന്തപുരം: തിരുവല്ലം വണ്ടിത്തടത്തില്‍ ഷഹാന ഷാജി (23)യുടെ മരണം സ്ത്രീധനപീഡനത്തെ തുടര്‍ന്നെന്ന് ആരോപണം. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ ഷഹാനയെ കണ്ടത്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. വന്‍തുക സ്ത്രീധനം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വിവാഹം മുടങ്ങിയ വിഷമത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പിജി ഡോക്ടര്‍ ഷഹ്ന ഈ മാസം നാലിന് ആത്മഹത്യ ചെയ്ത സംഭവം വിവാദമായി തുടരുമ്പോള്‍ തന്നെയാണ് തലസ്ഥാനത്ത് വീണ്ടുമൊരു സ്ത്രീധനപീഡനമരണം കൂടി വരുന്നത്.
മൂന്ന് വര്‍ഷം മുന്‍പായിരുന്നു ഷഹാനയും കാട്ടാക്കട സ്വദേശി നൗഫലും തമ്മിലുള്ള വിവാഹം. ഭര്‍ത്താവുമായി പിണങ്ങിയതിനാല്‍ രണ്ട് വയസുള്ള കുട്ടിക്കൊപ്പം തിരുവല്ലത്തുള്ള വീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പമാണ് ഷഹാന തങ്ങുന്നത്. ഇന്നലെ വൈകീട്ട് ഭര്‍ത്താവ് നൗഫല്‍ ഷഹാനയുടെ വീട്ടിലെത്തിയിരുന്നു. സഹോദരന്റെ കുട്ടിയുടെ ജന്മദിന ചടങ്ങിന് ഭാര്യയെ കൂട്ടിക്കൊണ്ടു പോകാന്‍ വേണ്ടിയാണ് വന്നത്. തുടര്‍ന്നുള്ള തര്‍ക്കമാണ് യുവതിയുടെ ജീവനൊടുക്കലില്‍ കലാശിച്ചത്. ഷഹാന ഭര്‍തൃവീട്ടില്‍ ക്രൂര പീഡനത്തിനിരയായെന്ന് ബന്ധുക്കള്‍ ആരോപിച്ചു. യുവതിക്ക് പരുക്കേറ്റതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
സ്ത്രീധനപീഡനമാണ് ആത്മഹത്യക്ക് കാരണം-ഷഹാനയുടെ പിതാവിന്റെ സഹോദരനായ എ.ഷാഹിദ് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. “സ്ത്രീധനം കുറഞ്ഞെന്ന പേരില്‍ നിരന്തര മാനസിക പീഡനമാണ് അവള്‍ക്ക് നേരിടേണ്ടി വന്നത്. ഇന്നലെ വൈകീട്ട് നൗഫല്‍ വന്നപ്പോള്‍ ഷഹാന കൂടെ പോയില്ല. ഇന്ന് നൗഫലിന്റെ സഹോദരന്റെ കുട്ടിയുടെ ജന്മദിന ചടങ്ങാണ്. ചടങ്ങ് കഴിഞ്ഞാല്‍ ഷഹാനയെ വീട്ടില്‍ കൊണ്ടുവിടുമെന്നു ഭര്‍ത്താവ് പറഞ്ഞു. എന്നാല്‍ ഒരു ദിവസത്തേക്ക് മാത്രമായി വരാന്‍ കഴിയില്ലെന്ന് ഷഹാന പറഞ്ഞു. ബന്ധുക്കളും ഇതേ നിലപാടെടുത്തു. ഇതോടെ ക്ഷുഭിതനായ നൗഫല്‍ കുട്ടിയെ എടുത്ത് സ്വന്തം കാറില്‍ ഇരുന്നു. അരമണിക്കൂറിനുള്ളില്‍ വന്നില്ലെങ്കില്‍ കുട്ടിയുമായി പോകുമെന്നാണ് പറഞ്ഞത്. ഷഹാന പോകാത്തതിനെ തുടര്‍ന്ന് കുട്ടിയുമായി ഭര്‍ത്താവ് പോയി. ഇതില്‍ മനംനൊന്താണ് ആത്മഹത്യ ചെയ്തത്.
നൗഫലിന്റെ സഹോദരന്‍ നല്ല സാമ്പത്തിക സ്ഥിതിയുള്ള വീട്ടില്‍ നിന്നാണ് വിവാഹം കഴിച്ചത്. ഇതോടെ ഷഹാനയെ ഭര്‍തൃവീട്ടുകാര്‍ ഒറ്റപ്പെടുത്തി. കടുത്ത മാനസിക പീഡനവും നേരിടേണ്ടി വന്നു. ഇതോടെ സ്വന്തം വീട്ടിലേക്ക് തന്നെ മടങ്ങി. ഷഹാനയുടെ മരണ വിവരം അറിഞ്ഞതിനെ തുടര്‍ന്ന് കുട്ടിയെ ബന്ധുക്കള്‍ തിരുവല്ലം പോലീസ് സ്റ്റേഷനില്‍ ഹാജരാക്കി-ഷാഹിദ് പറയുന്നു.
“സ്ത്രീധന പീഡനത്തെ തുടര്‍ന്നാണ് ഷഹാനയുടെ മരണം എന്ന വിവരമാണ് ലഭിച്ചത്. പക്ഷെ മാതാപിതാക്കളുടെ മൊഴി എടുത്തിട്ടില്ല-തിരുവല്ല എസ്എച്ച്ഒ രാഹുല്‍ രവീന്ദ്രന്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. “സംസ്കാര ചടങ്ങുകള്‍ കഴിഞ്ഞശേഷം മൊഴി എടുക്കാമെന്നാണ് കുട്ടിയുടെ പിതാവ് പറഞ്ഞത്. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.”എസ്എച്ച്ഒ പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here