‘സഭ നിരന്തരം വിവാഹം മുടക്കി’; കുരിശുപള്ളികള്‍ക്ക് നേരെ കല്ലെറിഞ്ഞ് യുവാവ്; ഇടുക്കിയിലെ ജോബിന്റെ പ്രതികാരം

ഇടുക്കി: ഹൈറേഞ്ച് മേഖലയിലെ വിവിധ കുരിശുപള്ളികള്‍ക്ക് നേരെ ആക്രമണം നടത്തിയ കേസില്‍ പ്രതിയെ പിടികൂടി. പുളിയന്മല ചെറുകുന്നേല്‍ ജോബിന്‍ ജോസാണ് (35) പിടിയിലായത്. കത്തോലിക്കാ സഭാ വിശ്വാസിയായ പ്രതി വിവാഹമോചിതനായിരുന്നു. എന്നാല്‍ വീണ്ടും കല്യാണം കഴിക്കുന്നതിന് സഭയില്‍ നിന്നും നിരന്തരമായി എതിര്‍പ്പുകള്‍ നേരിട്ടിരുന്നു. പല വിവാഹ ആലോചനകള്‍ സഭ മുടക്കിയെന്നും ഇതുമൂലമുണ്ടായ വൈരാഗ്യം നിമിത്തമാണ് വിവിധ കുരിശുപള്ളികളുടെ ചില്ലുകള്‍ എറിഞ്ഞുപൊട്ടിച്ചതെന്നും ജോബിന്‍ മൊഴി നല്‍കി. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

കട്ടപ്പന കമ്പംമെട്ട്, കൊച്ചറ, ഇരുപതേക്കര്‍, തുടങ്ങിയ മേഖലകളിലെ ഓര്‍ത്തഡോക്‌സ് കുരിശുപള്ളികളുടെ ചില്ലുകളാണ് ഇയാള്‍ എറിഞ്ഞു തകര്‍ത്തത്. പുളിയന്‍മല സെന്റ് ആന്റണീസ് പള്ളിയുടെ കപ്പേളയും ആക്രമിച്ചിച്ചിരുന്നു. പുളിയന്‍മല ഇടവകാംഗമാണ് പ്രതിയായ ജോബിന്‍.

ആക്രമണത്തെതുടര്‍ന്ന് വിവിധ ഇടവകകളിലെ വൈദികരും നാട്ടുകാരും ചേര്‍ന്ന് പരാതി നല്‍കിയതോടെ പ്രത്യേക സംഘം രൂപീകരിച്ചായിരുന്നു അന്വേഷണം. കട്ടപ്പന ഡിവൈഎസ്പി പി.വി.ബേബിയുടെ നിർദേശപ്രകാരം വണ്ടന്മേട് എസ്എച്ച്ഒ ഷൈന്‍ കുമാറിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്.

മാര്‍ച്ച്‌ 12നായിരുന്നു ആക്രണം നടത്തിയത്. അജ്ഞാതന്‍ ബൈക്കില്‍ വന്ന് കുരിശുപള്ളികള്‍ക്ക് നേരെ കല്ലെറിഞ്ഞതായി സിസിടിവിയില്‍ പതിഞ്ഞിരുന്നു. വിവിധ കുരിശുപള്ളികള്‍ക്ക് നേരെ ഒരേ ദിവസമായിരുന്നു ആക്രമണം നടന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top