അരിത ബാബു ഫണ്ട് വെട്ടിച്ചോ? ഉള്ളത് പറഞ്ഞ് ആരോപണം ഉന്നയിച്ച മേഘാ രഞ്ജിത്; അന്ധാളിച്ച് യൂത്ത് കോൺഗ്രസ്
ആലപ്പുഴയിലെ യൂത്ത് കോൺഗ്രസ് ഫണ്ട് വെട്ടിപ്പ് വിവാദത്തിന് പിന്നിലെന്തെന്ന് വ്യക്തമാക്കി ആരോപണമുന്നയിച്ച യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി മേഘ രഞ്ജിത്ത്. കഴിഞ്ഞ വർഷം നടന്ന കളക്ട്രേറ്റ് മാർച്ചിൽ ഉണ്ടായ ലാത്തി ചാർജിൽ മേഘയ്ക്ക് ഗുരുതര പരുക്ക് പറ്റിയിരുന്നു. ചികിത്സക്കായി വിവിധ ഘട്ടങ്ങളിലായി എട്ടു ലക്ഷം രൂപ നൽകിയെന്ന് അവകാശപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അരിതാ ബാബു പങ്കുവച്ച ഫെയ്സ്ബുക്ക് കുറിപ്പിനെതിരെയായിരുന്നു സഹപ്രവർത്തക ആരോപണം ഉന്നയിച്ചത്.
പോസ്റ്റിൽ പറഞ്ഞത്രയും തുക തനിക്ക് ലഭിച്ചിട്ടില്ലെന്നും ഇത്രയും വലിയ തുക ഇടയ്ക്കു നിന്ന് ആരാണ് കൈപ്പറ്റിയതെന്നു കൂടി പരസ്യമായി പറയണമെന്നും മേഘ കമൻ്റിട്ടതോടെയാണ് വിവാദങ്ങളുടെ തുടക്കം. ആദ്യം കായംകുളത്തെ സിപിഎം സോഷ്യൽ മീഡിയ ഹാൻഡിലുകൾ ഏറ്റെടുത്ത വിഷയം പിന്നീട് ജില്ലയിലെമ്പാടുമുള്ള ഇടത് കേന്ദ്രങ്ങൾ യൂത്ത് കോൺഗ്രസിലെ പുതിയ ഫണ്ട് തട്ടിപ്പ് എന്ന പേരിൽ കൊഴുപ്പിക്കുകയായിരുന്നു. വനിതാ നേതാവിൻ്റെ ഫെയ്സ്ബുക്ക് കമൻ്റ് കൈവിട്ട് പോയതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് യൂത്ത് കോൺഗ്രസ് ജില്ലാ നേതൃത്വം. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് പോലെയല്ല കാര്യങ്ങളെന്നും സദുദ്ദേശപരമായിട്ടായിരുന്നു കമൻ്റ് ഇട്ടതെന്നുമാണ് മേഘയുടെ പ്രതികരണം.
ചെറിയൊരു ആശയക്കുഴപ്പമാണ് ഇങ്ങനെയൊക്കെ സംഭവിക്കാൻ കാരണമെന്ന് മേഘ രഞ്ജിത് മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. തനിക്ക് ഏകദേശം ആറു ലക്ഷത്തോളം രൂപയുടെ കണക്ക് മാത്രമായിരുന്നു അറിയാമായിരുന്നത്. പെട്ടന്ന് എട്ടു ലക്ഷം രൂപ താൻ കൈപ്പറ്റി എന്ന് കണ്ടപ്പോഴാണ് അങ്ങനെയൊരു കമൻ്റിട്ടത്. പാർട്ടി നേതാക്കളിൽ നിന്നു മാത്രമാണ് പണം ലഭിച്ചത്. ഇത് 7.11 ലക്ഷം രൂപ വരും. അതിനെ റൗണ്ടാക്കി പറഞ്ഞപ്പോൾ എട്ട് ലക്ഷമായി പോയതാണെന്നുമാണ് മേഘ നൽകുന്ന വിശദീകരണം.
തനിക്ക് നേരിട്ട് തന്ന പണം കൂടാതെ മറ്റ് ചിലവുകളും ഉണ്ടായിരുന്നു. അതും പാർട്ടിയാണ് വഹിച്ചത്. തനിക്ക് നേരിട്ട് കിട്ടിയ കണക്കും അരിത പറഞ്ഞ കണക്കും തമ്മിൽ രണ്ട് ലക്ഷം രൂപയുടെ വ്യത്യാസം കണ്ടപ്പോഴാണ് അങ്ങനെ ചോദിച്ചത്. അല്ലാതെ ആരെങ്കിലും ഫണ്ട് വെട്ടിച്ചെന്ന് താൻ പറഞ്ഞിട്ടില്ലെന്നും മേഘ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. തന്നെ പാർട്ടിയാണ് സഹായിച്ചത്. പൊതുജനങ്ങളിൽ നിന്നോ അല്ലാതെയോ ഉള്ള ഓപ്പൺ ഫണ്ടിംഗിലൂടെയല്ല തൻ്റെ ചികിത്സക്കായി പണം കണ്ടെത്തിയത്. എനിക്കുണ്ടായ ക്ലാരിറ്റി കുറവിൻ്റെ പേരിൽ യൂത്ത് കോൺഗ്രസിനെ വേട്ടയാടാൻ അനുവദിക്കില്ല. ഇത് താൻ ആ ഫെയ്സ്ബുക്ക് പോസ്റ്റിന് തന്നെ പിന്നീട് മറുപടി ഇട്ടിരുന്നതായും മേഘ വ്യക്തമാക്കി.
അതേസമയം, മേഘ രഞ്ജിത്തിൻ്റെ കമൻ്റിൽ പ്രാദേശിക – ജില്ലാ യൂത്ത് കോൺഗ്രസിനും അതൃപ്തിയുണ്ട്. ഒരു ഫോൺ കോളിൽ തീരേണ്ട പ്രശ്നം അനാവശ്യമായി വഷളാക്കി എന്നാണ് വിമർശനം. സോഷ്യൽ മീഡിയയിൽ പരസ്യമായി ഉന്നയിച്ച ആരോപണത്തിന് സമാനമായ കമൻ്റ് ഇപ്പോൾ രാഷ്ട്രീയ എതിരാളികൾ ഉപയോഗിക്കുന്നതായും യൂത്ത് കോൺഗ്രസ് നേതാക്കൾ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here