ഏറ്റവും മോശമായ യൂത്ത് കോണ്‍ഗ്രസ് നേതൃകാലം; രാഹുല്‍ ഗാന്ധിയുടെ സ്വപ്‌നം മോശമാക്കി; ഷാഫിക്കും മാങ്കൂട്ടത്തിലിനും ദേശീയ നേതൃത്വത്തിന്റെ രൂക്ഷ വിമര്‍ശനം

തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനും മുന്‍ പ്രസിഡന്റ് ഷാഫി പറമ്പിലിനും കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ രൂക്ഷ വിമര്‍ശനം. നെയ്യാര്‍ ഡാമില്‍ നടന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് യൂത്ത് കോണ്‍ഗ്രസിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കൃഷ്ണ അല്ലവരു അതിരൂക്ഷമായ വിമര്‍ശനം ഉയര്‍ത്തിയത്. സംസ്ഥാന കമ്മറ്റി ആസ്ഥാനം പണിയുന്നതില്‍ വീഴ്ച വരുത്തിയതിനും സംഘടനാ തിരഞ്ഞെടുപ്പില്‍ ഉയര്‍ന്ന വ്യാജ തിരിച്ചറിയില്‍ കാർഡ് വിവാദവുമാണ് കേന്ദ്ര നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കുന്നത്. ഷാഫി പറമ്പിലിന്റെത് സംസ്ഥാന ചരിത്രത്തിലെ ഏറ്റവും മോശം നേതൃകാലമെന്നാണ് ദേശീയ നേതൃത്വം വിമര്‍ശിക്കുന്നത്.

സംസ്ഥാന ആസ്ഥാനം പണിയുന്നതിന് തിരുവനന്തപുരം നന്ദന്‍കോട് 4.5 സെന്റ് ഭൂമി വാങ്ങിയിരുന്നു. ഡീന്‍ കുര്യാക്കോസ് പ്രസിഡന്റായിരുന്ന സമയത്ത് സംസ്ഥാന വ്യാപകമായി പദയാത്ര നടത്തി സമാഹരിച്ച 80 ലക്ഷം രൂപയാണ് ഇതിനായി ചിലവഴിച്ചത്. ഇത്കൂടാതെ ആസ്ഥാനത്തിനായി വാങ്ങിയ ഭൂമി പണയപ്പെടുത്തിയാണ് ഇടപാട് തീര്‍ത്തത്. ഇതിലെ രേഖകള്‍ തയാറാക്കുന്നതിലും കൃത്യസമയത്ത് സമര്‍പ്പിക്കുന്നതിലും ഷാഫി പറമ്പില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് മൂന്ന് കോടി രൂപ പലിശയായി അടക്കേണ്ടി വന്നിരുന്നു. ഇത് ഉയര്‍ത്തിയാണ് എഐസിസി സെക്രട്ടറി ഷാഫി പറമ്പിലിനെ വിമര്‍ശിച്ചത്. ലജ്ജാകരമായ പ്രവര്‍ത്തിയാണ് യുവനേതാവിന്റെ ഭാഗത്തു നിന്നുമുണ്ടായത്. ഇത് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും കൃഷ്ണ അല്ലവരു പറഞ്ഞു. ഷാഫി പറമ്പില്‍ പങ്കെടുക്കാത്ത യോഗത്തിലാണ് ഈ വിമര്‍ശനങ്ങളെല്ലാം ഉയര്‍ന്നത്.

സംഘടന തിരഞ്ഞെടുപ്പില്‍ ഉയര്‍ന്ന വ്യാജ തിരിച്ചറിയല്‍ കാര്‍ഡുമായി ബന്ധപ്പെട്ട വിവാദങ്ങളുയര്‍ത്തിയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ എഐസിസി സെക്രട്ടറി വിമര്‍ശിച്ചത്. രാഹുല്‍ ഗാന്ധിയുടെ സ്വപ്‌ന പദ്ധതിയെ സംസ്ഥാനത്തെ ചിലര്‍ കളങ്കപ്പെടുത്തിയതായി കൃഷ്ണ അല്ലവരു വിമര്‍ശിച്ചുവെന്നാണ് പുറത്തു വരുന്ന വിവരം. ചില നേതാക്കളുടെ ഭാഗത്തു നിന്നും ദേശീയ നേതൃത്വത്തെ വഞ്ചിക്കുന്ന നടപടിയാണുണ്ടായത്. ഇതിനെതിരെ തെളിവുകളുണ്ടെങ്കില്‍ സമര്‍പ്പിച്ചാല്‍ ഉറപ്പായും നടപടി സ്വീകരിക്കുമെന്നും ദേശീയ നേതൃത്വം വ്യക്തമാക്കി. ഭാരവാഹികള്‍ മാത്രം പങ്കെടുത്ത യോഗത്തിലാണ് ദേശീയ നേതൃത്വത്തിന്റെ ഈ വിമര്‍ശനങ്ങളെല്ലാം.

വിമര്‍ശനമൊന്നുമുണ്ടായിട്ടില്ലെന്നും ആസ്ഥാന നിര്‍മ്മാണത്തിന് സഹായം വാഗ്ദാനം ചെയ്യുകയാണ് ദേശീയ നേതൃത്വം ചെയ്തതെന്നുമാണ് സംസ്ഥാന നേതൃത്വത്തിന്റെ പ്രതികരണം. എഐസിസി ജനറല്‍ സെക്രട്ടറി കൃഷ്ണ അല്ലവരു പങ്കെടുത്ത യോഗത്തില്‍ ആസ്ഥാന നിര്‍മ്മാണത്തിന് ഒരു പ്രതിനിധി സഹായം ആവശ്യപ്പെട്ടിരുന്നു. ഒരിക്കല്‍ സഹായിച്ചതാണെന്നും വീണ്ടും സഹായം ആവശ്യമാണെങ്കില്‍ ചെയ്യാമെന്നുമാണ് കൃഷ്ണ അല്ലവരു മറുപടി നല്‍കിയതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. ഷാഫി പറമ്പിലിന്റെ കമ്മറ്റിയല്ല ആസ്ഥാനത്തിന് ഭൂമി വാങ്ങിയത്. യൂത്ത് കോണ്‍ഗ്രസിന്റെ പേരിലാണ് ആദ്യം ഭൂമി വാങ്ങിയത്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടായപ്പോള്‍ ദേശീയ നേതൃത്വം സഹായിച്ചിരുന്നു. അതിനാല്‍ എഐസിസിയുടെ പേരിലേക്ക് ഭൂമി മാറ്റി. ഇതിലെ സാങ്കേതിക പ്രശ്‌നമാണ് ആസ്ഥാന നിര്‍മ്മാണം വൈകിപ്പിച്ചത്. ജനുവരിയില്‍ തന്നെ ആസ്ഥാന നിര്‍മ്മാണം ആരംഭിക്കുമെന്നും രാഹുല്‍ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top