രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യമില്ല; 22 വരെ റിമാന്‍ഡില്‍; പൂജപ്പുര ജയിലിലേക്ക് മാറ്റി; പ്രതിഷേധം ശക്തമാക്കി യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യമില്ല. ഈ മാസം 22 വരെ രാഹുലിനെ റിമാന്‍ഡ് ചെയ്തു. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (മൂന്ന് )യുടേതാണ് വിധി. രാഹുലിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലേക്ക് മാറ്റി.

രാഹുലിന് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് പ്രതിഭാഗം അഭിഭാഷകൻ ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് ജനറല്‍ ആശുപത്രിയിലെത്തിച്ച് വിശദമായ പരിശോധന നടത്തിയിരുന്നു. ആരോഗ്യപ്രശ്നങ്ങളില്ലെന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് റിമാന്‍ഡ് ചെയ്തത്. നേരത്തെ ഫോര്‍ട്ട്‌ ആശുപത്രിയിലും മെഡിക്കല്‍ പരിശോധന നടത്തിയിരുന്നു.

സെക്രട്ടറിയേറ്റിനു മുന്നില്‍ സംഘര്‍ഷമുണ്ടാകുമ്പോള്‍ രാഹുല്‍ മുഴുവന്‍ സമയവും രംഗത്തുണ്ടായിരുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന്‍ ജാമ്യാപേക്ഷയെ എതിര്‍ത്തത്. ഡിസംബർ 20ന് നടന്ന സമരത്തിനിടെ വ്യാപക അക്രമം നടന്നു. നിരവധി പൊലീസുകാർക്ക് പരുക്കേറ്റു. പൊതുമുതല്‍ നശിപ്പിച്ചു. ഇതിന്‍റെയെല്ലാം നേതൃത്വം രാഹുൽ മാങ്കൂട്ടത്തിലാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. സെക്രട്ടറിയേറ്റിന് മുന്നില്‍ നടന്നത് രാഷ്ട്രീയ പ്രതിഷേധമാണെന്നാണ് രാഹുലിന്റെ അഭിഭാഷകന്‍ വാദിച്ചു. അറസ്റ്റിനു മുന്‍പ് നോട്ടീസ് നല്‍കിയിട്ടില്ല. രാഹുലിന്റെ തലയിൽ രക്തം കട്ടപിടിച്ചിട്ടുണ്ടെന്നും സ്ട്രോക്കിന് സാധ്യതയുണ്ടെന്നുമൊക്കെ ചൂണ്ടിക്കാട്ടിയെങ്കിലും ജാമ്യം നിഷേധിക്കപ്പെടുകയായിരുന്നു.

പ്രവര്‍ത്തകരുടെയും നേതാക്കളുടെയും വന്‍ നിര വഞ്ചിയൂര്‍ കോടതിയില്‍ എത്തിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആവേശകരമായ മുദ്രാവാക്യങ്ങള്‍ക്കിടയിലൂടെയാണ് രാഹുല്‍ കയറിയ പോലീസ് ജീപ്പ് നീങ്ങിയത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.

ഇന്ന് പുലര്‍ച്ചെയാണ് അടൂരിലെ വീട്ടിൽനിന്ന് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് രാഹുലിനെ അറസ്റ്റു ചെയ്തത്. യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. വീട് വളഞ്ഞുള്ള അറസ്റ്റിനെതിരെ വന്‍ പ്രതിഷേധമാണ് ഇന്ന് യൂത്ത് കോണ്‍ഗ്രസ് ഉയര്‍ത്തിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top