കെപിസിസി പറഞ്ഞ് പറ്റിച്ചു; കേസില്‍ വലഞ്ഞ് വിദ്യാർത്ഥി യുവജന നേതാക്കള്‍; കെട്ടിവെക്കാന്‍ കാശില്ലാതെ നട്ടം തിരിയുന്നു
ആര്‍. രാഹുല്‍
തിരുവനന്തപുരം: സമരങ്ങളുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് – കെ.എസ്.യു പ്രവർത്തകരുടെ പേരിൽ രജിസ്റ്റർ ചെയ്ത കേസുകള്‍ നടത്താന്‍ കാശില്ലാതെ വലഞ്ഞ് പ്രവര്‍ത്തകരും നേതാക്കളും. സഹായിക്കാമെന്ന് വാഗ്ദാനംചെയ്ത കെപിസിസി നേതൃത്വം പുറംതിരിഞ്ഞു നില്‍ക്കുകയാണെന്ന് യുവജന നേതാക്കള്‍ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.
കെ. സുധാകരൻ കെപിസിസി പ്രസിഡന്റായി ചുമതലയേറ്റപ്പോൾ കേസുകളുടെ കാര്യം യൂത്ത് കോൺഗ്രസ് നേതാക്കള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. അന്ന് എല്ലാ സഹായങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്യുകയും പാർട്ടി കേസ് നടത്തുമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു. ഇതിനായി നിലവിലെ ലോയേഴ്സ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. വിഎസ് ചന്ദ്രശേഖരൻ അധ്യക്ഷനായി ഒരു സമിതിയെ നിയോഗിക്കുകയും ഓരോ ജില്ലയിലും അഭിഭാഷക സംഘടനയിലെ നേതാക്കളെ ഇതിനായി ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. തുടക്കത്തിൽ കുറച്ച് കേസുകൾ തീർപ്പാക്കി ആരംഭ ശൂരത്വം കാണിച്ചെങ്കിലും പിന്നീട് ഒന്നും നടന്നില്ല. കേസുകളുടെ എണ്ണം കുമിഞ്ഞുകൂടിയതല്ലാതെ പാര്‍ട്ടി തലത്തില്‍ നിന്നും ഒരു പരിഹാരവും ഉണ്ടായില്ല.
പോലീസ് മാനസികവുമായും ശാരീരികമായും പീഡിപ്പിക്കുന്നത് പുറമേയാണ് പാർട്ടി നേതാക്കൾ തിരിഞ്ഞു നോക്കാത്തത് മൂലമുള്ള മാനസിക വിഷമമെന്നും ചൂണ്ടിക്കാട്ടി കെപിസിസി നേതൃത്വത്തിന് കത്തയച്ചിരിക്കുകയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ ഷാജഹാൻ. കെപിസിസി പ്രസിഡൻ്റ് അടിയന്തിരമായി വിഷയത്തിൽ ഇടപെടണമെന്ന് കത്തിൽ ആവശ്യപ്പെട്ടു. സ്വന്തം നിലയിലാണ് പലരും കേസുകൾ നടത്തുന്നത്. ഇത് അവരുടെ വീടുകളിലും പ്രതിസന്ധികൾ സൃഷ്ടിക്കുകയാണ് . തൻ്റെ പേരിൽത്തന്നെ ഒട്ടനവധി കേസുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡൻ്റ് ഡീൻ കുര്യാക്കോസ്, നിലവിലെ പ്രസിഡൻ്റ് ഷാഫി പറമ്പിൽ തുടങ്ങിയവർ ഇന്ന് ജനപ്രതിനിധികളാണ്. മുമ്പ് ജനപ്രതിനിധിയായിരുന്ന വൈസ് പ്രസിഡൻ്റ് കെ.എസ് ശബരിനാഥനെ പോലുള്ള നേതാക്കൾ നല്ല സാമ്പത്തിക അടിത്തറയുള്ളവരുമാണ്. അതുകൊണ്ട് ഇവർക്ക് കേസ് നടത്താനും പിഴയടക്കാനും ഒരു ബുദ്ധിമുട്ടുണ്ടാകില്ല. അതു കൊണ്ടാണ് അവർ ഷാജഹാൻ ഉയർത്തിയ വിഷയത്തെക്കുറിച്ച് പ്രതികരിക്കാത്തത് എന്നും ഒരു വിഭാഗത്തിന് പരാതിയുണ്ട് . സാധാരണ പ്രവർത്തകരും നേതാക്കളും എല്ലാം കേസുകൾ കൊണ്ട് നട്ടം തിരിയുന്ന അവസ്ഥയിലാണുള്ളത്. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലായി നൂറ് കണക്കിന് കേസുകളാണ് പാർട്ടിക്ക് വേണ്ടി സമരം ചെയ്തതിൻ്റെ പേരിലുള്ളത്. ഉള്ള സമയമെല്ലാം കേസിനായി ഓടി നടക്കേണ്ട അവസ്ഥയാണ് നിലവിലുള്ളതെന്നും പരാതിയുമുണ്ട്.
സാധാരണ അഞ്ച് കൊല്ലം കൂടുമ്പോൾ ഭരണമാറ്റം ഉണ്ടാകാറാണ് പതിവ്. ഇത്തവണ എൽഡിഎഫിന് തുടർഭരണം ലഭിച്ചതും കേസുകളുടെ എണ്ണം വർധിക്കാൻ കാരണമായി. സർക്കാർ മാറുമ്പോൾ രാഷ്ട്രീയ കേസുകൾ എല്ലാം എഴുതി തള്ളുകയാണ് പതിവ്. ഇക്കുറി അതുണ്ടാവത്തതാണ് യൂത്ത് കോൺഗ്രസുകാരെയും കെ എസ് യുക്കാരെയും വെട്ടിലാക്കിയത്. ഏഴര വർഷത്തിനിടയിൽ 250ഓളം കേസുകൾ വരെ സ്വന്തം പേരിലുള്ളവരുണ്ട്.
കേസ് നടത്തിപ്പിലെ കാലതമാസത്തിന് പ്രധാന കാരണം കോണ്‍ഗ്രസ് അഭിഭാഷക സംഘടനയിലെ ചേരിപ്പോരും തമ്മിലടിയുമാണ് എന്ന ആക്ഷപവുമുണ്ട്. പാർട്ടി ചുമതലപ്പെടുത്തിയതായി പറയുന്ന അഭിഭാഷകരെ ബന്ധപ്പെട്ടാലും അനുകൂലമായ പ്രതികരണമില്ലെന്നും യുവജന നേതാക്കള്‍ പറയുന്നു. പാർട്ടിയെ വിശ്വസിച്ച് കഴിഞ്ഞ ഏഴര വർഷം സമരത്തിനിറങ്ങിയവർ പലരും ഇന്ന് കേസ് നടത്താൻ നെട്ടോട്ടമോടുകയാണ്. ഈ സാഹചര്യത്തിൽ പാർട്ടി ആഹ്വാനം ചെയ്യുന്ന പുതിയ സമര പരിപാടികളില്‍ പങ്കെടുക്കണോ എന്നാ കാര്യത്തില്‍. ആശയക്കുഴപ്പത്തിലാണ് നേതാക്കളും പ്രവര്‍ത്തകരും.
അതേ സമയം; ഷാജഹാൻ ചൂണ്ടിക്കാണിച്ചത് വസ്തുതാപരമാണ് എന്നും പാർട്ടിക്ക് ചില പരിമിധികൾ ഉണ്ട് എന്നും യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി എബിൻ വർക്കി മാധ്യമ സിൻഡിക്കറ്റിനോട് പ്രതികരിച്ചു. തുടക്കത്തിൽ കെപിസിസിയും ഡിസിസികളും കേസ് നടത്തിപ്പിനായ പണം നൽകിയിരുന്നു. 25 ഉം മുപ്പതും പേർ പ്രതികളായ ഓരോ കേസുകളിലും പിഴത്തുകയായി ശരാശരി 15000 രൂപയാണ് ചെലവ് വരുന്നത്. സംസ്ഥാനമൊട്ടാകെ കണക്കാക്കുമ്പോൾ നിലവിലെ സാഹചര്യത്തിൽ അത് പാർട്ടിക്ക് താങ്ങാവുന്നതിലും അപ്പുറമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നൂറിന് മുകളിൽ കേസിൽ താനും പ്രതിയാണ്. സംസ്ഥാനത്തൊട്ടാകെയുള്ള കേസുകൾ പരിശോധിച്ചാൽ പിഴത്തുകയായി തന്നെ കോടിക്കണക്കിന് രൂപ കേസ് നടത്തിപ്പിന് വേണ്ടി പാർട്ടി കണ്ടെത്തേണ്ടി വരും. എല്ലാ കേസുകളും പാർട്ടി നടത്താം എന്ന വാഗ്ദാനം നൽകേണ്ടിയിരുന്നില്ല എന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എം എസ് നുസൂര്‍ ചൂണ്ടിക്കാട്ടി. 150 ഓളം കേസിൽ പ്രതിയായ യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് സുധീർഷാ പാലോടും പാർട്ടിയുടെ പരിമിതികൾ ചൂണ്ടിക്കാട്ടി. മാധ്യമ സിൻഡിക്കേറ്റിനോട് പ്രതികരിച്ചവരെല്ലാം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഷാജഹാൻ ഉയർത്തിയ പരാതികൾ ശരിവെക്കുന്നുണ്ടെങ്കിലും പാർട്ടിയുടെ സമ്പത്തിക പ്രതിസന്ധി പറഞ്ഞ് ഒഴിഞ്ഞ് മാറുകയാണ് ചെയ്തിട്ടുള്ളത്.
കെ.എസ്.യുക്കാരുടെ പേരിൽ സംസ്ഥാനത്തൊട്ടാകെ രജിസ്റ്റർ ചെയ്ത കേസുകൾ ലിസ്റ്റ് ചെയ്യുകയാണ്. ഇത് തയ്യാറായാൽ ഉടൻ അത് പാർട്ടി നേതൃത്വത്തിൻ്റെ ശ്രദ്ധയിൽപ്പെടുത്തും. പാർട്ടി സഹായിച്ചില്ലെങ്കിൽ കേസ് നടത്താനുള്ള പണം കെ.എസ്.യു കണ്ടെത്തുമെന്നും കെ.എസ്.യു.സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യര്‍ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.
നേതാക്കളുടെയും പ്രവര്‍ത്തകരുടെയും പേരിൽ എടുത്തിരിക്കുന്ന കേസുകളിൽ കാര്യക്ഷമമായി ഇടപെടുന്നുണ്ടെന്ന് ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. മൃദുൽ ജോൺ മാത്യു പറഞ്ഞു. തിരുവനന്തപുരത്ത് നൂറ് ശതമാനം കേസുകളും പാർട്ടിയാണ് നടത്തുന്നത്. അടുത്തിടെ എൽഡിഎഫുകാരുടെ ഭാര്യമാരെ വാട്ട്സാപ്പില്‍ അപമാനിച്ചു എന്നാരോപണമുള്ള കേസുപോലും പാർട്ടിയാണ് നടത്തുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തിരുവനന്തപുരം ജില്ലയിൽ പാർട്ടി ഏറ്റെടുക്കാത്ത ഒരു കേസുപോലുമില്ലെന്നും മൃദുൽ പറഞ്ഞു
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here