‘മാലയും കമ്മലും അണ്ണന്‍ തരേണ്ട’ പോലീസ് തരുമെന്ന് അരിത ബാബു; ആഭരണങ്ങള്‍ അടിച്ചുമാറ്റിയത് ഒരു സ്ത്രീ എന്ന് സംശയം

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നിന്നും തന്റെ സ്വര്‍ണം മോഷണം പോയതില്‍ ദുഃഖമുണ്ടെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിതാ ബാബു. മാലയും കാതിലും ഉള്‍പ്പെടെ ഒന്നേകാല്‍ പവന്റെ സ്വര്‍ണമാണ് നഷ്ടമായത്. സിടി സ്കാന്‍ എടുക്കുന്ന സമയത്ത് അവിടെയുണ്ടായിരുന്ന അപരിചിതരില്‍ ഒരു സ്ത്രീയെ സംശയമുണ്ടെന്നും അരിതാ ബാബു മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.

“സിടി സ്കാന്‍ ചെയ്യുന്നതിന് തൊട്ടുമുന്‍പ് സഹപ്രവര്‍ത്തകയ്ക്ക് ആണ് ആഭരണങ്ങള്‍ അഴിച്ചുനല്‍കിയത്. അവളുടെ ബാഗില്‍ അത് സുരക്ഷിതമായി വച്ചിരുന്നു. പണം അടയ്ക്കാന്‍ പെട്ടെന്ന് ആവശ്യപ്പെട്ടപ്പോള്‍ പെണ്‍കുട്ടി ബാഗ് അവിടെ വച്ച് ഗൂഗിള്‍ പേ വഴി പണം അടയ്ക്കാന്‍ പോയിരുന്നു. ആ സമയത്ത് ബാഗ് അവിടെ വച്ചിരുന്നു. പെട്ടെന്ന് തിരികെ വന്ന് ബാഗ് എടുത്താണ് കൗണ്ടറിലേക്ക് പോയത്. ഇതിന് ഇടയ്ക്കാണ് ആഭരണങ്ങള്‍ നഷ്ടമായത്.”

“ഞങ്ങള്‍ക്ക് ഒപ്പമല്ലാതെ ചിലര്‍ അവിടെ നിന്നിരുന്നു. അവരില്‍ ഒരു സ്ത്രീയാണ് അത് അടിച്ചുമാറ്റിയത് എന്ന സംശയമാണ് ഉള്ളത്. പെണ്‍കുട്ടിയുടെ ബാഗില്‍ നിന്നാണ് ആഭരണം നഷ്ടമായത് എന്നതിനാല്‍ ആ പെണ്‍കുട്ടിയും ഞാനും കൂടിയാണ് കന്റോൺമെന്റ് പോലീസില്‍ പരാതി നല്‍കിയത്. അവിടെ സിസിടിവി ഇല്ലെന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞതെങ്കിലും ദൃശ്യങ്ങള്‍ ലഭിക്കും എന്നാണ് പോലീസ് പറഞ്ഞത്. അന്വേഷണം നടക്കുന്നുണ്ട്.” – അരിത പറഞ്ഞു.

കഴിഞ്ഞ ദിവസം നടന്ന പ്രതിപക്ഷ യുവജന സംഘടനകളുടെ നിയമസഭാ മാര്‍ച്ചില്‍ പങ്കെടുക്കാനാണ് ആലപ്പുഴ നിന്ന് അരിത തിരുവനന്തപുരത്ത് എത്തിയത്. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം, പോലീസിലെ ക്രിമിനല്‍വല്‍ക്കരണം ഉള്‍പ്പെടെയുള്ള വിവാദ വിഷയങ്ങളിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ബാരിക്കേഡ് പ്രതിഷേധക്കാര്‍ തകര്‍ത്തതോടെ പോലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. ഇതിനിടയിലാണ് അരിതയ്ക്ക് പരുക്കേറ്റത്. ആംബുലന്‍സിലാണ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അരിതയുടെ ആഭരണങ്ങള്‍ നഷ്ടമായതിനെ തുടര്‍ന്ന് ഇടത് സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ പരിഹാസമായി ട്രോളുകള്‍ നിറഞ്ഞിരുന്നു. ‘മാലയും കമ്മലും അണ്ണൻ തരുമോ?’എന്നുള്ള പരിഹാസമാണ് ഉയര്‍ന്നത്. കഴിഞ്ഞ വർഷം യൂത്ത് കോൺഗ്രസ് മാർച്ചിന് ശേഷം പ്രസ് ക്ലബിന് സമീപമുള്ള ചായക്കടയിൽ നിന്നും ഭക്ഷണം കഴിച്ച നേതാക്കളും പ്രവർത്തകരും പണം കൊടുക്കാതെ മുങ്ങിയിരുന്നു. കാശ് അണ്ണന്‍ തരും എന്നാണ് പ്രവര്‍ത്തകര്‍ പറഞ്ഞത്. സംഭവം യൂത്ത് കോണ്‍ഗ്രസിന് നാണക്കേട് ഉണ്ടാക്കിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top