വനിതാ പ്രവർത്തകയെ പോലീസ് ബൂട്ടിട്ട് ചവിട്ടിയതായി ആരോപണം; യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിൽ ഇന്നും സംഘർഷം

കണ്ണൂർ: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന പ്രതിഷേധ മാർച്ചുകളിൽ സംഘർഷം. കണ്ണൂർ കലക്ടറേറ്റിലേക്ക് നടന്ന മാർച്ചിൽ ഒരു വനിതയുൾപ്പെടെ രണ്ട് പ്രവർത്തകർക്ക് പരിക്കേറ്റു. വനിതാ പ്രവർത്തകയുടെ മുടിയിൽ പോലീസ് ബൂട്ടിട്ട് ചവിട്ടിപ്പിടിക്കുകയും വസ്ത്രം കീറുകയും ചെയ്‌തെന്ന് ആരോപണമുണ്ട്. പ്രതിഷേധക്കാർക്ക് നേരെ ജലപീരങ്കിയും പ്രയോഗിച്ചു. ഏറെ നേരം റോഡിൽ ഇരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പിന്നീട് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.
കോട്ടയത്തും യൂത്ത് കോൺഗ്രസ് മാർച്ച് അക്രമാസക്തമായി. കെ.കെ. റോഡിൽ ഈസ്റ്റ് പോലീസ് സ്റ്റേഷന് സമീപം പോലീസ് ബാരിക്കേഡ് വച്ച് പ്രകടനം തടഞ്ഞിരുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ സമരം ഉദ്ഘാടനം ചെയ്തതിന് പിന്നാലെ പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചു. ഇതോടെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. പ്രവർത്തകർ ആദ്യം പിന്മാറിയെങ്കിലും വീണ്ടും സംഘടിച്ചെത്തി സമരം ശക്തമാക്കിയതോടെ രണ്ടാം വട്ടവും ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. ഇന്ന് രാത്രി എട്ടുമണിക്ക് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് യൂത്ത് കോൺഗ്രസ് നൈറ്റ് മാർച്ചും സംഘടിപ്പിക്കുന്നുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here