യൂത്ത് കോൺഗ്രസ് മാര്‍ച്ചില്‍ വീണ്ടും സംഘര്‍ഷം; ആലപ്പുഴ ജില്ലാ പ്രസിഡന്റിനെ പോലീസ് വളഞ്ഞിട്ട് തല്ലി
ആലപ്പുഴ: യൂത്ത് കോൺഗ്രസ് കലക്ടറേറ്റ് മാർച്ചിൽ സംഘർഷം. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് നടത്തിയ മാർച്ചാണ് സംഘർഷത്തിൽ അവസാനിച്ചത്. ജില്ലാ പ്രസിഡന്റ് എ.പി.പ്രവീണിനെ പോലീസ് വളഞ്ഞിട്ട് തല്ലി. ബാരിക്കേഡ് മറികടന്ന് പ്രവീൺ മുന്നോട്ട് പോയതോടെ പോലീസ് ലാത്തികൊണ്ട് തല്ലുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ പ്രവീണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രവർത്തകർ കല്ലും കമ്പും വലിച്ചെറിഞ്ഞതിനെ തുടർന്നാണ് പോലീസ് ലാത്തിവീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തത്. പുരുഷ പോലീസ് വനിതാ പ്രവർത്തകരുടെ തലക്കടിച്ചെന്ന് ആരോപണമുണ്ട്. പരിക്കേറ്റ പ്രവർത്തകരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് അരിത ബാബു ഉൾപ്പെടെയുള്ളവരെ പിന്നീട് അറസ്റ്റ് ചെയ്തു നീക്കി.
ഇക്കഴിഞ്ഞ ദിവസം കണ്ണൂരിൽ നടന്ന യൂത്ത് കോൺഗ്രസ് മാർച്ചിലും സംഘർഷം ഉണ്ടായിരുന്നു. വനിതാ പ്രവർത്തകയുടെ മുടിയിൽ പോലീസ് ബൂട്ടിട്ട് ചവിട്ടിപ്പിടിക്കുകയും വസ്ത്രം കീറുകയും ചെയ്‌തെന്നും ആരോപണം ഉയർന്നിരുന്നു. സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ ഇപ്പോൾ റിമാൻഡിലാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here