അരലക്ഷം വ്യാജന്‍മാര്‍ പുറത്ത്; 7.2 ലക്ഷത്തില്‍ നിന്നും 4.8 ലക്ഷമായി കുറഞ്ഞ് യൂത്ത് കോൺഗ്രസ് അംഗത്വം

തിരുവനന്തപുരം: അരലക്ഷത്തിലേറെ വ്യാജന്‍മാര്‍ യൂത്ത് കോൺഗ്രസ് അംഗത്വത്തിൽ നിന്നും പുറത്ത്. സംസ്ഥാനത്തെ യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോഴാണ് മാനദണ്ഡം ലംഘിച്ച് അംഗത്വം എടുത്തവരെ പട്ടികയിൽ നിന്നും നീക്കം ചെയ്തത്.

യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ 729626 പേരാണ് അംഗത്വമെടുത്തത്. സൂക്ഷ്മ പരിശോധനയിൽ 59550 പേരെ ഒഴിവാക്കി. 189154 പേരുടെ അംഗത്വം മരവിപ്പിച്ചു. വ്യക്തമായ രേഖകൾ ഹാജരാക്കിയാൽ ഇവർക്ക് അംഗങ്ങളായി തുടരാം. ഇവർക്ക് രേഖകൾ ഹാജരാക്കാനുള്ള സമയം ഇന്ന് അവസാനിക്കും. നിലവിൽ അംഗങ്ങളുടെ എണ്ണം 4.80 ലക്ഷമായി കുറഞ്ഞു.

ഇത്തവണ പൂർണമായും ഓൺലൈൻ വഴിയായിരുന്നു അംഗത്വ വിതരണം. അംഗത്വം എടുക്കുന്നതിനോടൊപ്പം സംഘടനാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. അംഗത്വമെടുക്കാൻ വ്യാജ രേഖകളും ഉപയോഗിച്ചെന്ന ആരോപണം ഉയർന്നതിന് പിന്നാലെയായിരുന്നു സുഷ്മ പരിശോധ. വ്യാപകമായി തിരിച്ചറിയാൻ കാർഡ് ശേഖരിച്ച് അംഗത്വം ചേർത്തെന്നും സ്ഥാനാർത്ഥികൾ പരാതിപ്പെട്ടിരുന്നു. പരാതികൾ ശരിവെക്കുന്ന രീതിയിലാണ് കൂട്ടത്തോടെ പട്ടികയിൽ നിന്നും അംഗങ്ങളെ തിരഞ്ഞെടുപ്പ് കമ്മിറ്റി നീക്കം ചെയ്തിരിക്കുന്നത്.

തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് ഓൺലൈൻ വഴിയാണ് സംഘടനയുടെ പട്ടികയിൽ പേര് ചേർക്കേണ്ടത്. കാർഡ് സൈറ്റിൽ അപ്‌ലോഡ് ചെയ്തു കഴിഞ്ഞാൽ രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൽ ഫോണിലേക്ക് ഒടിപി ലഭിക്കും. ഇത് നൽകിക്കഴിഞ്ഞാൽ അടുത്ത ഘട്ടത്തിലേക്ക് കടക്കും. സംഘടനയിൽ പ്രവർത്തിക്കാൻ സമ്മതമാണെന്നും മറ്റൊരു രാഷ്ട്രീയ പാർട്ടിയിലും അംഗമല്ലെന്നും സാക്ഷ്യപ്പെടുത്തുന്ന വീഡിയോ റെക്കോർഡ് ചെയ്ത് അപ്‌ലോഡ് ചെയ്യണം. ഇങ്ങനെ പല ഘട്ടങ്ങളിലായി പ്രക്രിയകൾ പൂർത്തിയാക്കിയവർക്കാണ് അംഗത്വം നൽകിയത്. 50 രൂപയായിരുന്നു അംഗത്വ ഫീസ്. ഈയിനത്തിൽ 3.64 കോടി രൂപ ദേശീയ നേതൃത്വത്തിൻ്റെ അക്കൗണ്ടിൽ എത്തിയിട്ടുണ്ട്. മൂന്ന് വർഷം മുമ്പ് നടന്ന തിരഞ്ഞെടുപ്പിൽ 5 ലക്ഷം പേരായിരുന്നു അംഗത്വമെടുത്തിരുന്നത്.

ഏറ്റവും കൂടുതല്‍ വോട്ടു ലഭിക്കുന്ന മൂന്നുപേരില്‍ നിന്ന് ദേശീയ നേതൃത്വം അഭിമുഖം നടത്തിയാണ് സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത്. ഇത്തവണ എ ഗ്രൂപ്പും ഐ ഗ്രൂപ്പും തമ്മിൽ നേരിട്ടായിരുന്നു പോരാട്ടം. എ ഗ്രൂപ്പ് സ്ഥാനാർത്ഥിയായി അബിൻ വർക്കിയും ഐ ഗ്രൂപ്പ് സ്ഥാനാർത്ഥിയായി രാഹുൽ മാങ്കൂട്ടത്തിലും കളത്തിലിറങ്ങി. സൂക്ഷ്മ പരിശോധന പൂർത്തിയായതിനാൽ രണ്ടാഴ്ചക്കകം ഫലപ്രഖ്യാപനം ഉണ്ടാകും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top