മുകേഷിനെ നയരൂപീകരണ സമിതിയില്‍ നിന്നും ഒഴിവാക്കും; എംഎല്‍എ സ്ഥാനത്ത് നിന്നും രാജി ആവശ്യപ്പെട്ട് പ്രതിഷേധം

ലൈംഗികാരോപണം ഉയര്‍ന്ന മുകേഷിനെതിരെ പ്രതിഷേധം ശക്തം. മുകേഷ് എംഎല്‍എ സ്ഥാനം രാജിവക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകള്‍ പ്രതിഷേധം നടത്തുകയാണ്. ഇന്ന് യൂത്ത്കോണ്‍ഗ്രസ് കൊല്ലത്തെ എംഎല്‍എ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. യുവമോര്‍ച്ചയും എംഎല്‍എക്കെതിരെ പ്രതിഷേധത്തിലാണ്. എന്നാല്‍ ആരോപണത്തിന്റെ പേരില്‍ എംഎല്‍എ സ്ഥാനം രാജിവക്കേണ്ടതില്ലെന്നതാണ് സിപിഎം നിലപാട്.

സിനിമാ കോണ്‍ക്ലേവിന്റെ ഭാഗമായി രൂപീകരിച്ച ചലച്ചിത്ര നയരൂപീകരണ സമിതിയില്‍ നിന്ന് മുകേഷിനെ ഒഴിവാക്കും. ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ഇക്കാര്യത്തില്‍ ധാരണയായിട്ടുണ്ട്. സമിതിയില്‍ നിന്നും ഒഴിയാന്‍ മുകേഷിന് സിപിഎമ്മില്‍ നിന്നും നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍, നടിമാരായ മഞ്ജു വാര്യര്‍, പത്മപ്രിയ,നിഖില വിമല്‍, സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍, ഛായാഗ്രാഹകന്‍ രാജീവ് രവി, നിര്‍മ്മാതാവ് സന്തോഷ് കുരുവിള, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ്, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.

രണ്ടുപേരാണ് മുകേഷിനെതിരെ ആരോപണം ഉന്നയിച്ചത്. കാസ്റ്റിംഗ് ഡയറക്ടര്‍ ടെസ് ജോസഫ് 19 വര്‍ഷം മുമ്പ് ടിവി ഷോക്കിടെ മുകേഷ് മോശമായി പെരുമാറിയെന്ന് ആരോപിച്ചു. പിന്നാലെ ഒരു നടിയും മുകേഷിനെതിരെ ആരോപണവുമായി രംഗത്തുവന്നു. എന്നാല്‍ ഈ ആരോപണങ്ങളെ മുകേഷ് നിഷേധിച്ചു. ബ്ലാക്ക്‌മെയിലിങ്ങിനുള്ള നീക്കമെന്നാണ് മുകേഷിന്റെ നിലപാട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top