നവകേരള യാത്രക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി പ്രതിഷേധം; ഡിവൈഎഫ് തടഞ്ഞു; റാന്നിയില്‍ സംഘര്‍ഷം
പത്തനംതിട്ട: നവകേരള യാത്രക്കിടെ മുഖ്യമന്ത്രിയേയും സംഘത്തേയും കരിങ്കൊടി കാണിക്കാനുള്ള യൂത്ത് കോണ്‍ഗ്രസ് ശ്രമത്തിനിടെ റാന്നിയില്‍ സംഘര്‍ഷം. മുഖ്യമന്ത്രിയുടെ യാത്ര റാന്നിയില്‍ എത്തുമ്പോള്‍ കരിങ്കൊടി കാണിക്കാനായിരുന്നു ശ്രമം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഘടിക്കുന്നതായി അറിഞ്ഞ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ എത്തിയതോടെയാണ് പ്രശ്നം തുടങ്ങിയത്. ഇതിനിടയിലാണ് നവകേരള യാത്ര കടന്നുപോയത്. ബസിന് നേരെ കമ്പ് എറിയാനുള്ള യൂത്ത് കോണ്‍ഗ്രസിന്റെ ശ്രമം ഡിവൈഎഫ്ഐ തടഞ്ഞു.
പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തും തള്ളും നടന്നപ്പോള്‍ സ്ഥലത്തെത്തിയ പോലീസ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അടക്കമുള്ളവരെ കസ്റ്റഡിയിലെടുത്ത് പത്തനംതിട്ട പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡനും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. അറസ്റ്റില്‍ നിന്നും പോലീസ് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ ഒഴിവാക്കിയെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു.
പത്തനംതിട്ടയില്‍ വ്യാപക പ്രതിഷേധമാണ് യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ചത്. നവകേരള സദസ് നടന്ന പത്തനംതിട്ടയിലെ സ്റ്റേഡിയത്തിനടുത്തേക്ക് കറുത്ത ബലൂണുകള്‍ പറത്തിവിട്ടു. മണ്ണാറക്കുളഞ്ഞിയില്‍ ബാനര്‍ ഉയര്‍ത്തിയും പ്രതിഷേധിച്ചു. റാന്നിയിലെ പ്രതിഷേധത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here