ഉളുപ്പുണ്ടോ യൂത്ത് കോണ്‍ഗ്രസുകാരേ… 15 വര്‍ഷമായിട്ടും സ്വന്തം നേതാവിനൊരു സ്മാരകം പണിയാന്‍ കഴിയാതെ എന്തിനീ പ്രഹസനം

ഇന്ന് ചാലക്കുടിയില്‍ യൂത്ത് കോണ്‍ഗ്രസുകാരുടെ പ്രതിഷേധ നാടകം നടന്നു. ദോഷം പറയരുതല്ലോ, സ്ഥലം എംഎല്‍എ സനീഷ് കുമാര്‍ ജോസഫിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ പേരില്‍ സ്മാരകം പണിയുന്നതില്‍ സര്‍ക്കാരിന് വീഴ്ചയുണ്ടായി എന്ന് ആരോപിച്ചായിരുന്നു പ്രതിഷേധ സമരം. കലാഭവന്‍ മണിയുടെ ഓര്‍മ്മയ്ക്കായി സ്മാരകം പണിയുമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ട് ഒമ്പത് വര്‍ഷം പിന്നിട്ടിട്ടും സ്മാരക നിര്‍മ്മാണം എങ്ങുമെത്തിയില്ല. മൂന്നുകോടി രൂപ 2019ലെ ബജറ്റില്‍ വകയിയിരുത്തിയതുമാണ്.
സ്മാരകത്തിനായി ചാലക്കുടിയില്‍ 35 സെന്റ് കണ്ടെത്തിയിരുന്നു. രണ്ടു നിലകളിലായി പണിയാനായിരുന്നു പ്ലാന്‍ തയ്യാറാക്കിയത്. ഫോക് ലോര്‍ അക്കാദമിക്ക് നിര്‍മാണ കരാറുo നല്‍കി. സര്‍ക്കാര്‍ അനുവദിച്ച തുകയ്ക്ക് 10,000ലധികം സ്‌ക്വയര്‍ഫീറ്റില്‍ പണിതീര്‍ക്കാനായിരുന്നു പദ്ധതി. എന്നാല്‍ ഇത് അട്ടിമറിക്കപ്പെട്ടു എന്നാണിന്ന് യൂത്ത് കോണ്‍ഗ്രസ് പറയുന്നത്. പഴയ പ്ലാന്‍ മാറ്റി 6000ത്തോളം ചതുരശ്ര അടിയില്‍ സ്മാരകം പണിയാനാണ് പുതിയ നീക്കം. ചതുരശ്ര അടിക്ക് 2,500 രൂപ ചെലവ് വരുമെന്ന് ആദ്യം അറിയിച്ചിടത്ത് ഇപ്പോള്‍ 5,000 ചെലവാകുമെന്നാണ് കണക്ക്.
സ്മാരകനിര്‍മ്മാണം ഇഴഞ്ഞു നീങ്ങുന്നതിനെതിരെ എംഎല്‍എയും പരിവാരങ്ങളും ഇന്ന് പ്രതികാത്മക പ്രതിമ ഉണ്ടാക്കി പ്രതിഷേധിച്ചു. എന്നാല്‍ ഈ കേരളത്തില്‍ കോണ്‍ഗ്രസ് കെട്ടിപ്പടുക്കുകയും മൂന്നുവട്ടം മുഖ്യമന്ത്രിയുമായ കെ കരുണാകരന് അദ്ദേഹത്തിന്റെ മരണം കഴിഞ്ഞ് 15 വര്‍ഷമായിട്ടും തലസ്ഥാനത്ത് ഒരു സ്മാരകം ഉണ്ടാക്കാന്‍ പദ്ധതിയിട്ടിട്ട് കഴിയാത്ത പാര്‍ട്ടിയിലെ യുവനേതൃത്വമാണ് സിനിമാതാരം കലാഭവന്‍ മണിയുടെ പേരും പറഞ്ഞ് പ്രതിഷേധത്തിന് ഇറങ്ങിയത് എന്നതാണ് വിരോധാഭാസം. സര്‍ക്കാര്‍ ഭൂമി അനുവദിച്ചിട്ട് പോലും ഇതാണ് അവസ്ഥ.
നന്ദാവനത്ത് സര്‍ക്കാര്‍ അനുവദിച്ച 37 സെന്റ് സ്ഥലത്ത് 11 നിലകളിലായി ഒരു ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള സ്മാരകമാണ് പാര്‍ട്ടി പണിയാന്‍ തീരുമാനിച്ചത്. പക്ഷേ 15 വര്‍ഷം കഴിഞ്ഞിട്ടും ഒന്നും നടന്നില്ല. നടക്കുന്ന ലക്ഷണവുമില്ല. മൂന്നുവട്ടം തറക്കല്ലിടല്‍ നടന്നതു മാത്രം മിച്ചം. കെപിസിസിയുടെ കീഴില്‍ 15 വര്‍ഷം മുന്‍പ് രൂപീകരിച്ച കെ കരുണാകരന്‍ ഫൗണ്ടേഷനാണ് സ്മാരക നിര്‍മാണത്തിന് നേതൃത്വം നല്‍കുന്നത്. 35 കോടി രൂപ ചെലവാണ് പ്രതീക്ഷിക്കുന്നത്. പിരിവ് മുറപോലെ നടക്കുന്നെങ്കിലും കെട്ടിടം ഉയര്‍ന്നില്ല.

ചിത്രകാരന്‍ കൂടിയായിരുന്ന കരുണാകരന്റെ ഓര്‍മയ്ക്കായി ചിത്രരചനാ ഇന്‍സ്റ്റിറ്റ്യൂട്ട്, പഠനഗവേഷണ കേന്ദ്രം, നേതൃത്വപരിശീലന കേന്ദ്രം, ലൈബ്രറി, സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ക്കായി കാരുണ്യ ഹെല്‍പ് ഡെസ്‌ക്, കോണ്‍ഫറന്‍സ് ഹാള്‍, ഓഡിറ്റോറിയം തുടങ്ങിയ സൗകര്യങ്ങള്‍ ഉണ്ടായിരിക്കും എന്നൊക്കെയാണ് കെപിസിസി സ്മാരക നിര്‍മ്മാണ സമിതിക്കാര്‍ ഇടക്കിടെ പറയുന്നത്.
കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേക്കേറുമ്പോള്‍ ഉന്നയിച്ച പ്രധാനവിമര്‍ശനം ഇതായിരുന്നു. അന്നൊരു തട്ടിക്കൂട്ട് യോഗം വിളിച്ചുചേര്‍ത്ത കെപിസിസി സ്മാരകനിര്‍മ്മാണം വേഗത്തിലാക്കാന്‍ തീരുമാനിച്ചു. ഇക്കഴിഞ്ഞ ജൂണ്‍ ഒന്നിന് ആയിരുന്നു ഇത്. കെ മുരളീധരനെ നിര്‍മ്മാണ സമിതിയുടെ വര്‍ക്കിംഗ് ചെയര്‍മാനുമാക്കി. ഫണ്ട് പിരിവ് ഊര്‍ജ്ജിതമാക്കാന്‍ തീരുമാനിച്ചു. പക്ഷേ തീരുമാനമെടുത്ത് ഒരു വര്‍ഷമാകാറായിട്ടും ഒന്നും സംഭവിച്ചില്ല. ഒന്നും നടക്കുന്ന ലക്ഷണവും കാണുന്നില്ല.
കോണ്‍ഗ്രസിനെ വളര്‍ത്തുന്നതില്‍ ജീവിതം തന്നെ സമര്‍പ്പിച്ച നേതാവിന് ഒരു സ്മാരക മന്ദിരം പണിയാന്‍ കഴിവില്ലാത്ത മനസ്സില്ലാത്ത നേതൃത്വത്തിനെതിരെ ആയിരുന്നു യൂത്ത് കോണ്‍ഗ്രസുകാര്‍ ചാലക്കുടി മാതൃകയില്‍ സമരം നടത്തേണ്ടത്. ഇന്ദിരാഭവന് മുന്നില്‍ സമരം നടത്തി നേതൃത്വത്തിന്റെ കണ്ണു തുറപ്പിക്കേണ്ടതായിയിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here