ഡിജിപിയ്ക്ക് വെപ്പുമുടി പാഴ്‌സലയച്ച് യൂത്ത് കോൺഗ്രസ്; പ്രതിഷേധം വനിതാ പ്രവര്‍ത്തകയുടെ മുടിയില്‍ പോലീസ് ബൂട്ടിട്ട് ചവിട്ടിയതിന്
തിരുവനന്തപുരം: ഡിജിപിയ്ക്ക് വെപ്പുമുടി പാഴ്‌സലയച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം. കണ്ണൂരിൽ യൂത്ത് കോൺഗ്രസ് മാർച്ചിനിടെ വനിതാ പ്രവർത്തകയുടെ മുടിയിൽ ബൂട്ടിട്ട് ചവിട്ടിയ പോലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് നടപടി. പോലീസിന് മുടി വാഗ്ദാനം ചെയ്യുന്നതിന്റെ പ്രതീകാത്മകമായാണ് വെപ്പുമുടി അയച്ചതെന്ന് യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് അബിൻ വർക്കി മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.
തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനറൽ പോസ്റ്റ് ഓഫീസിൽ നിന്നാണ് പാഴ്‌സൽ അയച്ചത്. പ്രതിഷേധക്കാരെ പോസ്റ്റ് ഓഫീസിനുള്ളിൽ കടക്കാൻ പോലീസ് അനുവദിക്കാത്തതിനെ തുടർന്ന് ജീവനക്കാർ ഗേറ്റിനുമുന്നിൽ വന്ന് പാഴ്സൽ വാങ്ങുകയായിരുന്നു. ഇപ്പോൾ വെപ്പുമുടിയാണ് അയക്കുന്നതെങ്കിലും വേണ്ടിവന്നാൽ ശരിക്കുള്ള തലമുടി നൽകാനും തയ്യാറാണെന്ന് പ്രവർത്തകർ പറഞ്ഞു. അബിൻ വർക്കിയാണ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തത്.
ഇക്കഴിഞ്ഞ ദിവസമാണ് കണ്ണൂരിൽ നടന്ന യൂത്ത് കോൺഗ്രസ് മാർച്ചിനിടെ വനിതാ പ്രവർത്തകയുടെ മുടിയിൽ പോലീസ് ബൂട്ടിട്ട് ചവിട്ടിപ്പിടിക്കുകയും വസ്ത്രം കീറുകയും ചെയ്തത്. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് നടന്ന മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ അവസാനിച്ചത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here