വന്യമൃഗ ശല്യം തടയാന്‍ എളുപ്പവഴി വൈദ്യുതിക്കെണി; പാലക്കാട് മാത്രം 2 വര്‍ഷത്തിന്നിടെ പൊലിഞ്ഞത് 10 ജീവനുകള്‍; കര്‍ഷകരുടെ അതിജീവനം അപകടമാകുമ്പോള്‍…
തിരുവനന്തപുരം: വന്യമൃഗങ്ങളെ അകറ്റാനുള്ള വൈദ്യുതിക്കെണിയില്‍ കുടുങ്ങി സംസ്ഥാനത്ത് ഒട്ടനവധി ജീവനുകളാണ് പൊലിയുന്നത്. കര്‍ഷകരുടെ അതിജീവന പ്രശ്നം ഉള്ളതിനാല്‍ കര്‍ശന നടപടിയ്ക്ക് സര്‍ക്കാര്‍ മടിച്ച് നില്‍ക്കുകയാണ്. മൃഗങ്ങളെ അകറ്റാന്‍ വേലികള്‍ സ്ഥാപിക്കുമ്പോള്‍ ലൈനില്‍ നിന്നും നേരിട്ട് വൈദ്യുതി കയറ്റിവിടുന്നത് നിയമവിരുദ്ധമാണ്. ഇതെല്ലാം അറിഞ്ഞിട്ടും വൈദ്യുതിക്കെണികള്‍ക്ക് ഒരു കുറവും സംഭവിച്ചിട്ടില്ല.
കൃഷി സംരക്ഷിക്കാനുള്ള വൈദ്യുതി വേലിയില്‍ കുടുങ്ങി പാലക്കാട് രണ്ട് ജീവനുകളാണ് പിടഞ്ഞ് മരിച്ചത്. ക്രൈം ഒളിപ്പിക്കാന്‍ സ്ഥലമുടമ കാട്ടിയ ക്രൂരത മനസാക്ഷിയെ നടുക്കുന്നതുമായി. പ്രതി അനന്തകുമാറിനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തിരിക്കുകയാണ്.
യുവാക്കളുടെ മരണത്തിനിടയാക്കിയത് പന്നികളെ തുരത്താന്‍ കര്‍ഷകന്‍ കാണിച്ച കടുംകൈയാണ്. രാത്രി പോലീസിനെ പേടിച്ച് യുവാക്കള്‍ വേലിയ്ക്ക് അടുത്തെത്തിയതും ഷോക്കേല്‍ക്കുകയായിരുന്നു. കാട്ടുപന്നികളെ വെടിവെച്ചിടാന്‍ അനുമതിയുണ്ടെങ്കിലും കര്‍ഷകര്‍ക്ക് തോക്കുപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടില്ല. തോക്ക് ലൈസന്‍സ് അനുവദിച്ച് കിട്ടാനും പ്രയാസമാണ്. അതുകൊണ്ട് എളുപ്പവഴി എന്ന നിലയിലാണ് കമ്പിവേലി സ്ഥാപിച്ച് വൈദ്യുതി കടത്തിവിടുന്നത്.
വന്യമൃഗ ശല്യവും വിളനാശവും സംഭവിക്കുമ്പോള്‍ പ്രതിരോധത്തിനായുള്ള ശ്രമമാണ് കര്‍ഷകര്‍ നടത്തുന്നത്. നിയമവിരുദ്ധമായ കാര്യമാണ്, അപകടം പതിയിരിക്കുന്നു എന്ന് മനസിലാക്കിയിട്ടും കമ്പിവേലി കെട്ടാന്‍ കര്‍ഷകര്‍ മടിച്ച് നില്‍ക്കുന്നില്ല. ഇത് പലപ്പോഴും നിരപരാധികളുടെ ജീവനെടുക്കുകയും ചെയ്യുന്നു.
പാലക്കാട് മാത്രം രണ്ട് വര്‍ഷത്തിന്നിടെ മരിച്ചത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് പ്രകാരം 10 പേരാണ്. മുട്ടിക്കുളങ്ങര പോലീസ് ക്യാമ്പിലെ ഹവിൽദാർമാരായ എലവഞ്ചേരി സ്വദേശി അശോക്‌കുമാർ, തരൂർ സ്വദേശി മോഹൻദാസ് എന്നിവർ ക്യാമ്പിനു പിറകുവശത്തെ വയലിൽ വൈദ്യുതക്കെണിയിൽപ്പെട്ട് ഷോക്കേറ്റു മരിച്ച വാര്‍ത്തയും കേരളത്തെ ഞെട്ടിച്ചതാണ്. വൈദ്യുതിക്കെണികള്‍ക്കെതിരെ ഒരു നടപടിയും സര്‍ക്കാര്‍ ഭാഗത്ത് നിന്നും വന്നിട്ടില്ല. അപകടമരണങ്ങള്‍ക്ക് തുടര്‍ക്കഥയാവുകയും ചെയ്യുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here