മോഹന്‍ലാലിനെ അപമാനിച്ച ‘ചെകുത്താന്‍’ അറസ്റ്റില്‍; ആരാധകരില്‍ വിദ്വേഷം ഉളവാക്കുന്ന പരാമര്‍ശം നടത്തിയെന്ന് എഫ്‌ഐആര്‍

പട്ടാള യൂണിഫോമില്‍ നടന്‍ മോഹന്‍ലാല്‍ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട്ടില്‍ സന്ദര്‍ശനം നടത്തിയതിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചതിനാണ് ചെകുത്താന്‍ എന്ന യുട്യൂബറെ പോലീസ് അറസ്റ്റു ചെയ്തത്. താരസംഘടനയായ അമ്മ ജനറല്‍ സെക്രട്ടറി സിദ്ദീഖിന്റെ പരാതിയിലാണ് തിരുവല്ല പോലീസ് കേസെടുത്തത്. ‘ചെകുത്താന്‍’ എന്ന യുട്യൂബ് ചാനല്‍ ഉടമയായ തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്‌സാണ് അറസ്റ്റിലായത്.

ഭാരതീയ ന്യായ സംഹിത 192,296(b) കെ.പി ആക്റ്റ് 2011 120(0) വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തത്. ആരാധകരുടെ മനസില്‍ വിദ്വേഷം ഉണ്ടാക്കുന്ന പരാമര്‍ശം യുട്യൂബ് ചാനലിലൂടെ നടത്തിയെന്നാണ് കേസ്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ ഇയാള്‍ ഒളിവില്‍ പോയിരുന്നു. ഇന്ത്യന്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണല്‍ പദവി വഹിക്കുന്നയാളാണ് മോഹന്‍ലാല്‍.

സിനിമകള്‍ക്കും സിനിമാ താരങ്ങള്‍ക്കും എതിരെ മോശമായ പരാമര്‍ശങ്ങള്‍ നടത്തുന്ന ഇത്തരം ഓണ്‍ലൈന്‍ ചാനലുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ അമ്മ സംഘടന തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായാണ് സിദ്ദിഖ് പരാതി നല്‍കിയത്. അമ്മ സംഘടനയുടെ പ്രസിഡന്റാണ് മോഹന്‍ലാല്‍.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top