പ്രവാസി മലയാളികളുടെ എയര്‍ കേരള ഉടന്‍; സെറ്റ് ഫ്ലൈ ഏവിയേഷന് വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി

പ്രവാസി മലയാളികളുടെ ആഭിമുഖ്യത്തില്‍ പുതിയ ആഭ്യന്തര വിമാനക്കമ്പനി ആരംഭിക്കുന്നു. സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ എന്‍ഒസി ലഭിച്ചുവെന്ന് സെറ്റ് ഫ്ലൈ (zettfly ) കമ്പനി ചെയര്‍മാന്‍ അഫി മുഹമ്മദ് ദുബായില്‍ മാധ്യമങ്ങളോട് പറഞ്ഞു. കമ്പനി ഡയറക്ടര്‍മാരുടെ സുരക്ഷാ ക്ലിയറന്‍സിന് പുറമേ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡിജിസിഎ) അനുമതി കൂടി ലഭിച്ചാല്‍ മാത്രമേ വിമാന സര്‍വീസ് ആരംഭിക്കാന്‍ കഴിയുകയുള്ളു. നിലവില്‍ രാജ്യത്ത് 12 പ്രധാന എയര്‍ലൈന്‍ കമ്പനികളാണ് ആഭ്യന്തര- അന്താരാഷ്ട സര്‍വീസുകള്‍ നടത്തുന്നത്.

കണ്ണൂര്‍ ആസ്ഥാനമായ സെറ്റ് ഫ്ലൈ ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡിന് തുടക്കത്തില്‍ ആഭ്യന്തര സര്‍വീസുകള്‍ നടത്താനാണ് അനുമതി നല്‍കുക. ആദ്യഘട്ടത്തില്‍ ടയര്‍2, ടയര്‍3 നഗരങ്ങളെ ബന്ധിപ്പിച്ചായിരിക്കും സര്‍വിസ്. ദക്ഷിണേന്ത്യയിലെ നഗരങ്ങളിലേക്കാവും കൂടുതല്‍ സര്‍വീസുകള്‍. ഇതിനായി മൂന്ന് എ.ടി.ആര്‍ 72-600 വിമാനങ്ങളാണ് ഉപയോഗിക്കുക. നിര്‍മാതാക്കളില്‍ നിന്ന് വിമാനങ്ങള്‍ നേരിട്ട് സ്വന്തമാക്കാനുള്ള സാധ്യതകള്‍ ആരായുകയാണെന്ന് സെറ്റ് ഫ്ലൈ അധികൃതര്‍ അറിയിച്ചു. എയര്‍ കേരള.കോം എന്ന ബ്രാന്‍ഡിലായിരിക്കും സര്‍വ്വീസുകള്‍ നടത്തുകയെന്ന് വൈസ് ചെയര്‍മാന്‍ അയൂബ് കല്ലട പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here