സൊമാറ്റോയില്‍ സസ്യാഹാരികള്‍ക്ക് പ്രത്യേക ഡെലിവറി; ഭക്ഷണവും വിതരണവും സമ്പൂര്‍ണ്ണ വെജിറ്റേറിയൻ; വിവാദമായി പച്ച നിറത്തിലുള്ള യൂണിഫോം
ബെംഗളൂരു: വെജിറ്റേറിയൻ ആളുകള്‍ക്ക് പ്രത്യേക ഭക്ഷണ വിതരണ സംവിധാനത്തിന് തുടക്കം കുറിച്ച് പ്രമുഖ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോ. ലഭിക്കുന്ന ഭക്ഷണം 100 ശതമാനവും വെജിറ്റേറിയൻ ആയിരിക്കണമെന്ന സസ്യാഹാരികളുടെ ആവശ്യം പരിഗണിച്ചാണ് ‘പ്യുവർ വെജ് ഫ്ലീറ്റ്’ എന്ന പേരില്‍ പുതിയ ഡെലിവറി സര്‍വീസ് ആരംഭിച്ചത്. സമ്പൂര്‍ണ്ണ വെജിറ്റേറിയൻ ഹോട്ടലുകളില്‍ നിന്നുള്ള ഓര്‍ഡര്‍ മാത്രമെ പ്യുവർ വെജ് മോഡിലൂടെ നല്‍കാന്‍ കഴിയു. നോൺ വെജ് ഭക്ഷണമോ നോൺ വെജ് കടകളില്‍ നൽകുന്ന വെജ് ഭക്ഷണമോ ഈ ഡെലിവറി ഓപ്ഷനിലൂടെ വിതരണം ചെയ്യില്ല.
വെജ്- നോണ്‍ വെജ് ഭക്ഷണസാധനങ്ങള്‍ ഒരു ബോക്സില്‍ വെക്കുമ്പോള്‍ ഇവയുടെ മണം കൂടി കലരുമെന്നും ഇത് സസ്യാഹാരികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും പരാതികള്‍ ഉയര്‍ന്നിരുന്നു. ‘ലോകത്തിൽ ഏറ്റവും കൂടുതൽ സസ്യാഹാരികൾ ഉള്ളത് ഇന്ത്യയിലാണ്. അവർക്ക് വേണ്ട ഭക്ഷണം എങ്ങനെ പാകം ചെയ്യുന്നുവെന്നും ഡെലിവറി ചെയ്യുന്നവർ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതിനെക്കുറിച്ചും നിരവധി പേർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇത് മുന്നിൽ കണ്ടാണ് ‘പ്യുവർ വെജ് മോഡും’ ‘പ്യുവർ വെജ് ഫ്ലീറ്റും’ ആരംഭിക്കുന്നതെന്ന് സൊമാറ്റോ സിഇഒ ദീപീന്ദർ ഗോയൽ എക്‌സിലൂടെ വ്യക്തമാക്കി.
വെജിറ്റേറിയൻ ഭക്ഷണം ഡെലിവറി ചെയ്യുന്നയാള്‍ക്ക് സോമാറ്റോയുടെ സ്ഥിരം ചുവപ്പ് യൂണിഫോമിനു പകരം പ്രത്യേകം തയ്യാറാക്കിയ പച്ച നിറത്തിലുള്ള ടീ ഷര്‍ട്ടും പുറത്തിറക്കി. പുതിയ നിറത്തിനെതിരെ സോഷ്യല്‍ മീഡിയയിലടക്കം കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ജാതീയതയെ പ്രോത്സാഹിപ്പിക്കുന്നു, ഭക്ഷണകാര്യങ്ങളില്‍ സ്വകാര്യത നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവരെ ബാധിക്കുന്നു തുടങ്ങിയ വിമര്‍ശനങ്ങള്‍ ശക്തമായി. സസ്യാഹാരികള്‍ക്കായുള്ള പ്രത്യേക സര്‍വീസ്, അത്തരക്കാരെ നോൺ വെജ് ഭക്ഷണം മലിനമാക്കുന്നുവെന്ന ആശയം നല്‍കുന്നു എന്നും അഭിപ്രായങ്ങള്‍ ഉയര്‍ന്നു.
പുതിയ സേവനം ഏതെങ്കിലും മതപരമോ രാഷ്ട്രീയമോ ആയ മുൻഗണനകളെ അനുകൂലിക്കുന്നതോ അന്യായവൽക്കരിക്കുന്നതോ അല്ലെന്ന് സൊമാറ്റോ സിഇഒ അറിയിച്ചു. വിവാദം കനത്തതോടെ പച്ച നിറത്തിലുള്ള യൂണിഫോം പിന്‍വലിച്ച്, എല്ലാ ഡെലിവറി ആളുകള്‍ക്കും ചുവപ്പ് നിറം തന്നെ നല്‍കാന്‍ തീരുമാനിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here