‘ഭക്ഷണത്തിന് അതിരുകളില്ല’; പണി പാളിയ സേവനം അവസാനിപ്പിച്ച് സൊമാറ്റോ
‘ഭക്ഷണത്തോടുള്ള ഇഷ്ടത്തിന് അതിരുകളില്ല’ എന്ന ടാഗ് ലൈനോടുകൂടി ആരംഭിച്ച ഇൻ്റർസിറ്റി ‘ലെജൻഡ്സ്’ സേവനം സൊമാറ്റോ അവസാനിപ്പിച്ചു. മതിയായ ആവശ്യക്കാരില്ലാത്തതിനാൽ ഈ വർഷം ഏപ്രിൽ മാസത്തിലും കമ്പനി സേവനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. പിന്നീട് ജൂലൈയിൽ ഈ ഇൻ്റർസിറ്റി സർവീസ് പുനരാരംഭിക്കുക ആയിരുന്നു. ഏറ്റവും കുറഞ്ഞ ഓഡർ പരിധി 5000 ആക്കി പുനർനിശ്ചയിച്ചായിരുന്നു രണ്ടാം വരവ്.
മാറ്റങ്ങൾക്ക് ശേഷവും വലിയ സ്വീകാര്യത ലഭിക്കാത്തത് കൊണ്ടാണ് ഫുഡ് ഡെലിവറി ഭീമനായ സൊമാറ്റോ ലെജൻഡ്സ് സർവീസ് അവസാനിപ്പിക്കുന്നത്. ദൂരെയുള്ള നഗരങ്ങളിൽ നിന്നുപോലും ഭക്ഷണം വരുത്താമായിരുന്ന സംവിധാനമായിരുന്നു ഇത്. ഡൽഹി, മുംബൈ, ബംഗളൂരു ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലും ഈ സേവനം ലഭ്യമായിരുന്നു. കേരളത്തില്‍ കൊച്ചി, തിരുവനന്തപുരം എന്നീ നഗരങ്ങളിലും നിലവിലുണ്ടായിരുന്ന സേവനമാണ് അവസാനിപ്പിച്ചിരിക്കുന്നത്.
ഓഡർ ചെയ്യുന്ന ഭക്ഷണം 24 മണിക്കൂറിനുള്ളിൽ ഈ സർവീസ് വഴി ആസ്വദിക്കാന്‍ കഴിയുമായിരുന്നു . ഗുജറാത്തിൽ നിന്നുള്ള ധോക്ലകൾ ഡൽഹിയിലെ ഉപഭോക്താക്കൾക്ക് ഈ സർവീസ് വഴി കിട്ടുമായിരുന്നു. സൊമാറ്റോ അതിൻ്റെ ഹൈപ്പർലോക്കൽ ഡെലിവറി പ്ലാറ്റ്ഫോമായ ‘എക്സ്ട്രീം’ സേവനം നേരത്തേ അവസാനിപ്പിച്ചിരുന്നു. മതിയായ ആവശ്യക്കാർ ഇല്ലാത്തതിനെ തുടർന്നായിരുന്നു ഇതും അടച്ചുപൂട്ടിയത്. സൊമാറ്റോ പ്രവർത്തിക്കുന്ന മിക്കവാറും എല്ലാ നഗരങ്ങളിലും ഈ സംവിധാനം നടപ്പാക്കിയിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here