അയ്യനുറങ്ങാൻ ഹരിവരാസനം; രചയിതാവ് കുമ്പക്കുടി അല്ല
ശബരിമല ശാസ്താവിനെ പാടി ഉറക്കുന്ന ഹരിവരാസനം കീർത്തനത്തിന് ഒരു നൂറ്റാണ്ട്. ശബരിമല ക്ഷേത്ര നട അടയ്ക്കും മുമ്പ് കേൾപ്പിക്കുന്ന ഹരിവരാസനം പിറവിയെടുത്തിട്ട് 100 വർഷം തികയുന്നു.
1923 രചിക്കപ്പെട്ട ഈ കീർത്തനം 1950 മുതലാണ് ശബരിമലയിൽ കേൾപ്പിച്ചു തുടങ്ങിയത്. 32 വരികളുള്ള ഈ ഉറക്കുപാട്ടെഴുതിയത് ആലപ്പുഴ പുറക്കാട് സ്വദേശിനി കോന്നകത്ത് ജാനകിയമ്മയാണ് എന്നാണ് ലഭ്യമായ രേഖകൾ പ്രകാരം വ്യക്തമാകുന്നത്.
ശബരിമലയിലെ വലിയ വെളിച്ചപ്പാടായിരുന്ന അനന്ത കൃഷ്ണ അയ്യരുടെ മകളാണ് ജാനകിയമ്മ. പിതാവിൽ നിന്നറിഞ്ഞ അയ്യപ്പ മാഹാത്മ്യങ്ങൾ ജാനകിയമ്മ കീർത്തനമാക്കുകയായിരുന്നു.
മകളെഴുതിയ കീർത്തനം അനന്തകൃഷ്ണ അയ്യർ കാണിക്കയായി ശബരിമലയിൽ നടയ്ക്ക് വച്ചു, ഇത് പിന്നീട് യേശുദാസിന്റെ മധുര സ്വരത്തിലൂടെ ലോകമെങ്ങും പടർന്നു. അതിനു മുൻപ് രാമനാഥപുരം കുമ്പക്കുടി കുളത്തൂർ ശ്രീനിവാസ അയ്യർ രചിച്ച കീർത്തനമാണ് ഇത് എന്നാണ് വിശ്വസിച്ചിരുന്നത്.
പിൽക്കാലത്ത് 1963 ൽ ഹരിവരാസനം വിശ്വമോഹനം എന്ന കീർത്തന സമാഹാരം ഗവേഷകരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇദ്ദേഹം രചയിതാവല്ല, സമ്പാദകൻ മാത്രമാണെന്നറിയുന്നത്.
ഹരിവരാസന കീർത്തനം എഴുതുമ്പോൾ ജാനകിയമ്മ താമസിച്ചിരുന്ന തറവാട് ഇപ്പോഴും അമ്പലപ്പുഴ പുറക്കാട് തീരത്തുണ്ട്. ചെമ്പകശേരി നാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്നു അന്ന് പുറക്കാട്.
ഹരിവരസനത്തിന്റെ നൂറാം വാർഷികം ഹരിഹരാത്മജം 2023 എന്ന പേരിൽ ആഘോഷിക്കാൻ ഒരുങ്ങുകയാണ് സംഗീത കലാ പ്രേമികളുടെ കൂട്ടായ്മയായ ശരറാന്തൽ
ഞായറാഴ്ച നീർക്കുന്നം SDV. ഗവ.UP.സ്കൂൾ ഓഡിറ്റോറിയത്തിൽ നൂറു മൺചെരാതുകളിൽ ദീപംതെളിച്ച് ഹരിവരാസനം സംഘഗാനമായി ആലപിച്ച് ആഘോഷപരിപാടികൾക്ക് തുടക്കമാകും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here