ഭക്തിയുടെ നിറവിൽ ശബരിമലയിൽ നിറപുത്തരി പൂജ നടന്നു

നിറപുത്തരി മഹോൽസവത്തിൻ്റെ ഭാഗമായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട ഇന്ന് പുലർച്ചെ 4 മണിക്ക് തുറന്നു. തുടർന്ന് നിർമ്മാല്യ ദർശനവും പതിവ് അഭിഷേകവും മണ്ഡപത്തിൽ മഹാഗണപതിഹോമവും നടന്നു.

രാവിലെ 5.30ന് ആണ് നിറപുത്തരി പൂജാ ചടങ്ങുകൾ ആരംഭിച്ചത്. പതിനെട്ടാം പടിയിൽ വച്ച കതിർ കറ്റകൾ പുണ്യാഹം തളിച്ച് ശുദ്ധിയാക്കിയ ശേഷം താളമേളങ്ങളുടെ അകമ്പടിയോടെ കതിർ കറ്റ പ്രദക്ഷിണ എഴുന്നെള്ളത്ത് നടന്നു. തുടർന്ന് കതിർ കറ്റകൾ മണ്ഡപത്തിൽ വച്ച് പൂജിച്ച ശേഷം ശ്രീകോവിലിനുള്ളിലേക്ക് കൊണ്ടുപോയി പ്രത്യേക പൂജയും ദീപാരാധനയും നടന്നു.

തന്ത്രി കണ്ഠരര് രാജീവരരുടെയും കണ്ഠരര് ബ്രഹ്മദത്തൻ്റെയും മുഖ്യകാർമ്മികത്വത്തിലാണ് പൂജകൾ നടന്നത്. പിന്നേട് തന്ത്രിയും മേൽശാന്തിയും ഭക്തർക്ക് കതിർ പ്രസാദം വിതരണം ചെയ്തു.തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ്അഡ്വ.കെ.അനന്തഗോപൻ, ബോർഡ് അംഗം ജി.സുന്ദരേശൻ, ദേവസ്വം കമ്മീഷണർ ബി.എസ്.പ്രകാശ്, ചീഫ് എഞ്ചീനിയർ ആർ.അജിത്ത് കുമാർ, ശബരിമല സ്പെഷ്യൽ കമ്മീഷണർ എം.മനോജ് തുടങ്ങിയവർ നിറപുത്തരി പൂജാ ദിനത്തിൻ ശബരീശ സന്നിധിയിൽ ഉണ്ടായിരുന്നു.

നിറപുത്തരി ചടങ്ങുകൾ പൂർത്തിയാക്കി ക്ഷേത്രനട രാത്രി 10:00 മണിക്ക് അടയ്ക്കും. ചിങ്ങമാസ പൂജകൾക്കായി 16-ാം തീയതി നട തുറക്കും. 21 ന് രാത്രി പൂജകൾ പൂർത്തീയാക്കി തിരുനട അടയ്ക്കും. 17 ന് ആണ് ചിങ്ങം ഒന്ന്. ഓണം നാളുകളിലെ പൂജകൾക്കായി ആഗസ്റ്റ് 27 ന് ആണ് ശബരിമല നട തുറക്കുക. 31ന് നട അടയ്ക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top